ഭുവനേശ്വർ: ഒഡീഷയിൽ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽനിന്നും മടങ്ങിയെത്തിയ 33 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾ ഇറ്റലിയിൽ റിസർച്ച് സ്കോളറായിരുന്നുവെന്ന് സർക്കാർ വക്താവ് സുബ്രാട്ടോ ബാഗ്‌ചി പറഞ്ഞു.

മാർച്ച് ആറിനാണ് ഇയാൾ ഡൽഹിയിലെത്തിയത്. അവിടെനിന്നും ട്രെയിനിൽ മാർച്ച് 12 ന് ഭുവനേശ്വറിലെത്തി. മാർച്ച് 13 ന് പ്രൈവറ്റ് ഫിസിഷ്യനെ കാണുകയും അതിനടുത്ത ദിവസം ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്തതായി വക്താവ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ഇയാൾക്ക് കോവിഡ്-19 പോസിറ്റീവാണെന്ന പരിശോധന ഫലം സർക്കാരിന് ലഭിച്ചത്.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നതാണ് ആശ്വാസകരമായ കാര്യമെന്ന് ബാഗ്‌ചി പറഞ്ഞു. മുഖ്യമന്ത്രി നവീൻ പട്നായിക് സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സർക്കാർ അധികൃതർ വ്യക്തമാക്കി.

Read Also: രാജ്യത്ത് കൊറോണ ബാധിതർ കൂടുതൽ മഹാരാഷ്ട്രയിൽ, പലരും ദുബായ് സന്ദർശിച്ചവർ

ഉന്നതതല മെഡിക്കൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പട്നായിക് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കേന്ദ്രവുമായും ലോകാരോഗ്യ സംഘടനയുമായും സംസ്ഥാന സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബാഗ്‌ചി പറഞ്ഞു.

രോഗിയുടെ വിവരം മാധ്യമങ്ങൾ പുറത്തുവിടരുതെന്നും ബാഗ്‌ചി അഭ്യർഥിച്ചു. വാർത്തകൾക്കായി ആരോഗ്യ പരിരക്ഷാ സേവന ദാതാക്കളെ സമീപിച്ച് ചികിത്സ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങളും രോഗബാധിതന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകുമെന്നും സർക്കാർ വക്താവ് പറഞ്ഞു.

അതേസമയം, ഇന്നു മുതൽ മാർച്ച് 31 വരെ ഒഡീഷയിലെ മാളുകൾ അടച്ചിടാൻ പൊലീസ് കമ്മിഷണർ നിർദേശം നൽകി. മാസ്കുകളും സാനിറ്റൈസറുകളും പൂഴ്ത്തി വയ്ക്കുന്നത് തടയാൻ സംസ്ഥാനത്താകമാനമുളള മെഡിക്കൽ ഷോപ്പുകളിൽ പൊലീസ് റെയ്ഡ് നടക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook