രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഒഡിഷയില്‍ നിന്ന് മറ്റൊരു സംഭവം കൂടി. ഒഡിഷയിലെ ലഞ്ചിഗഢില്‍ ഗര്‍ഭിണിയായ യുവതിയേയും ചുമന്ന് ബന്ധുക്കള്‍ നടന്നത് 16 കിലോമീറ്റര്‍. ഗ്രാമവാസികള്‍ അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു സംഭവം. ഗ്രാമത്തിലേക്കുളള റോഡ് കനത്ത മഴ കാരണം അടച്ചിട്ടതിനാലാണ് ബന്ധുക്കള്‍ യുവതിയെ തൊട്ടില്‍ പോലെ തുണി കെട്ടി താങ്ങിപ്പിടിച്ച് കിലോമീറ്ററുകളോളം നടന്നത്.

മഴ കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടത് ആംബുലന്‍സിന്റെ വഴി മുട്ടിച്ചു. തുടര്‍ന്നാണ് കുന്നും തടാകവും താണ്ടി യുവതിയെ ആംബുലന്‍സിന്റെ അടുത്തെത്തിച്ചത്. തുടര്‍ന്ന് ആംബുലന്‍സില്‍ ലഞ്ചിഗഡ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതി 2.5 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്‍മം നല്‍കി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തേയും ലഞ്ചിഗഢില്‍ മഴ കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. എന്നാല്‍ താത്കാലികമായ പരിഹാരമല്ലാതെ മറ്റൊന്നും അധികൃതര്‍ക്ക് ചെയ്യാനും കഴിഞ്ഞിരുന്നില്ല.

ഒഡിഷയില്‍ തന്നെ ആംബുലന്‍സ് കിട്ടാതെ വന്നതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 10 കിലോമീറ്റര്‍ നടന്ന ഭര്‍ത്താവിന്റെ അവസ്ഥയും യു.പിയില്‍ ചികിത്സ കിട്ടാതെ ആറാം ക്ലാസ് വിദ്യാര്‍ഥി അച്ഛന്റെ ചുമലില്‍ക്കിടന്ന് മരിച്ച സംഭവവും ചര്‍ച്ചയായതിന് പിന്നാലെയാണ് ലഞ്ചിഗഢിലെ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ