ഭുവനേശ്വര്‍: ഒഡീഷയിലെ കന്ദമല്‍ ജില്ലയിലെ സ്കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്കൂളിനെതിരെ പ്രതിഷേധിച്ചു. പെണ്‍കുട്ടിക്കെതിരായ കുറ്റകൃത്യം ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കന്ദമല്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി പഠിക്കുന്നത്. എട്ടുമാസം മുമ്പ് വീട്ടില്‍ പോയ സമയത്ത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു എന്നാണ് ആരോപണം. സംഭവം നടന്ന് മാസങ്ങളോളം പെണ്‍കുട്ടി സ്കൂളില്‍ ഉണ്ടായിട്ടും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പേരില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
‘എഴോ എട്ടോ മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ പോയിരുന്നു. ആ സമയത്ത് വീടിനു സമീപത്തുള്ള ഒരാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്,’ കന്ദമല്‍ എസ്പി പ്രതീക് സിങ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഈ കേസ് വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് പട്ടിക ജാതി/വര്‍ഗ വികസന വകുപ്പ് മന്ത്രി രമേശ് ചന്ദ്ര മാജി പറഞ്ഞു. കളക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.