ഭുവനേശ്വര്‍: ഒഡിഷയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്നു പറയപ്പെടുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഒഡിയ ദിനപത്രമായ ധരിത്രിയില്‍ ജോലി ചെയ്യുന്ന രോഹിത് ബിസ്വാള്‍ (43) ആണ് മരിച്ചത്.
കലഹന്ദി ജില്ലയിലെ മദന്‍പൂര്‍ രാംപൂര്‍ ബ്ലോക്കിലാണു സംഭവം. നാടന്‍ സ്‌ഫോടകവസ്തുവാണു പൊട്ടിത്തെറിച്ചതെന്നു പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകള്‍ നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളില്‍ ഒഡിഷയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണാണ്. പൊലീസായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നു കലഹന്ദി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ഒഡിഷ ഗ്രാമീണ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പതിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബിസ്വാള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നതായാണു പ്രാഥമിക വിവരം.
വനമേഖലയിലൂടെ കടന്നുപോകുന്ന മോഹന്‍ഗിരി മേഖലയിലെ കര്‍ളകുന്ദ പാലത്തിനു സമീപമാണ് പോസ്റ്ററുകള്‍ പതിച്ചത്. കലഹന്ദി, കന്ധമാല്‍ അതിര്‍ത്തിയില്‍ സജീവമായ സിപിഐ(മാവോയിസ്റ്റ്) കെകെബിഎന്‍ (കന്ധമാല്‍-കലഹന്ദി-ബൗധ്-നയാഗഡ്) ഡിവിഷനാണ് പോസ്റ്ററുകള്‍ പതിച്ചത്.
Also Read: കോര്‍ബെവാക്സ് കോവിഡ് വാക്സിന്‍: അഞ്ചു കോടി ഡോസിന് ഓര്‍ഡര്‍ നല്‍കി കേന്ദ്രം
”അത്തരം പോസ്റ്ററുകള്‍ വരുമ്പോഴെല്ലാം, പൊലീസിനെ ലക്ഷ്യമിട്ട് സ്‌ഫോടവസ്തുക്കള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എല്ലാ തവണയും സംഭവിക്കാറില്ല. ഞങ്ങളുടെ ടീം ജാഗ്രതയിലായിരുന്നു. പക്ഷേ ഞങ്ങള്‍ സംഭവസ്ഥലത്ത് എത്തുന്നതിനു മുമ്പ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നു. പ്രദേശം ബോംബ് സ്‌ക്വാഡ് പരിശോധിക്കുകയാണ്. കൂടുതല്‍ സ്‌ഫോടകവസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ മൃതദേഹം വീണ്ടെടുക്കാനാകൂ,” കലഹന്ദി എസ്പി വിവേക് എം ശരവണ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
കന്ധമാല്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കലഹന്ദിയിലെ മദന്‍പൂര്‍ രാംപൂര്‍ ബ്ലോക്ക് നിബിഡ വനങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ മാവോയിസ്റ്റുകളുടെ വന്‍ സാന്നിധ്യമുണ്ട്.