ഭുവനേഷ്വര്‍: പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി നബ കിസോര്‍ ദാസ് അന്തരിച്ചു. ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. നെഞ്ചില്‍ വെടിയേറ്റ മന്ത്രിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
മന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ നാലോ അഞ്ചോ റൗണ്ട് വെടിയുതിര്‍ത്തതായി വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രി ഉടന്‍ കുഴഞ്ഞുവീണു. ആക്രമണത്തില്‍ പ്രദേശവാസിയായ യുവാവിനും ഒരു പൊലീസ് ഉദ്യോഗസ്ഥനും വെടിവെയ്പില്‍ പരിക്കേറ്റു.
2009 മുതല്‍ ഝാര്‍സുഗുഡ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് നബ കിസോര്‍ ദാസ്. പരുക്കേറ്റ മന്ത്രിയെ ഝാര്‍സുഗുഡയിലെ ജില്ലാ ആശുപത്രിയില്‍ (ഡിഎച്ച്എച്ച്) എത്തിച്ചു, പ്രത്യേക ഡോക്ടര്‍മാരുടെ സംഘം മന്ത്രിയെ ചികിത്സിക്കുകയാണ്. തുടര്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ വിമാനമാര്‍ഗം ഭുവനേശ്വറിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
മന്ത്രി ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ബ്രജ്രാജ്‌നഗറിലെ ഗാന്ധി ചൗക്കില്‍ വെച്ച് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (എഎസ്ഐ) ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (ബ്രജ്രാജ്നഗര്‍) ഗുപ്‌തേശ്വര്‍ ഭോയ് പറഞ്ഞു. എന്നാല്‍ മന്ത്രിക്ക് നേരെയുളള ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
എഎസ്‌ഐയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. എന്തുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രമണം നടത്തിയതെ ന്നതിന്റെ കൃത്യമായ കാരണം ഇപ്പോള്‍ പറയാന്‍ എനിക്ക് കഴിയില്ല,’ ഗുപ്‌തേശ്വര്‍ ഭോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് നബ കിസോര്‍ ദാസിന്റെ അനുയായികള്‍ ധര്‍ണ നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഝാര്‍സുഗുഡയില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായ അദ്ദേഹം പൊതു നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് 2019 ജനുവരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജു ജനതാദളിലേക്ക് (ബിജെഡി) മാറിയിരുന്നു.