ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രാ-ഒഡീഷ തീരത്തേക്ക് അടുക്കുന്നതായ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേത്തുർന്ന് ആന്ധ്രപ്രദേശിന്റെ വടക്കൻ ജില്ലകളിലും
തെക്കൻ ഒഡീഷ തീരങ്ങിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്ന് രാത്രിയോടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒഡീഷയും കടന്ന് വടക്കൻ ആന്ധ്രയിലെ ഗോപാലപുരം, കലിംഗപട്ടണം തുടങ്ങിയ തീരങ്ങളിൽ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെക്കൻ ഒഡീഷയിൽ മണിക്കൂറിൽ 100 കി.മി വേഗതയിൽ സഞ്ചരിച്ച് വടക്കൻ ഒഡീഷയിൽ എത്തുമ്പോഴേക്കും കാറ്റിന്റെ വേഗത മണിക്കൂറിൽ 75 കി.മി എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ പറയുന്നത്. കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് കടൽ തീരത്തേക്ക് കയറാനും സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് കലക്ടർമാരുടെ യോഗം വിളിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook