കവരത്തി: ഓഖി ചുഴലിക്കാറ്റ് ശക്തമായതോടെ ലക്ഷദ്വീപ് പൂർണമായും ഒറ്റപ്പെട്ടു. മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗതയിലാണ് ഇപ്പോൾ ഓഖി വീശുന്നത്. ദ്വീപ സമൂഹം ഒറ്റപ്പെട്ടതോടെ പുറം ലോകവുമായുള്ള ആശയവിനിമയവും കുറഞ്ഞു. കൊച്ചിയിൽ നിന്ന് ഉൾപ്പെടെയുള്ള എട്ട് ബോട്ടുകൾ കവരത്തിക്ക് സമീപം കുരുങ്ങി കിടക്കുകയാണ്.

മിനിക്കോയ്, കൽപ്പേനി ദ്വീപുകളിലാണ് കാറ്റ് ഏറ്റവും കുടുതൽ ബാധിച്ചത്.മിനിക്കോയ് ദ്വിപിൽ മിക്ക ഭാഗങ്ങളിലും തെങ്ങുകളും സമാന വ്രക്ഷങ്ങളും കടപുഴകി വീണ് കിടക്കുകയാണ്.പല ഭാഗങ്ങളിലായി തെങ്ങുകൾ വീണ് വീടുകൾ തകരുകയും കോൺഗ്രീറ്റ് അല്ലാത്ത മിക്ക മേൽക്കുരകളും ശക്തമായ കാറ്റിൽ പറന്നു പോവുകയും ചെയ്തു. റോഡു ഗതാഗതവും വാർത്താവിനിമയും മിനിക്കോയ് ദ്വീപിൽ നിലച്ചിരിക്കുകയാണ്.

കൽപ്പേനി ദ്വീപിൽ ഹെലിപ്പാഡും ബ്രെക്ക് വാട്ടർ വാർഫും ഭാഗികമായി കടലെടുത്തു.കടലോരങ്ങളിലുള്ള ബോട്ടുകൾ മിക്കവയും വെള്ളത്തിനടിയിലായി. കവരത്തി ദ്വീപിന് സമീപം കേരളത്തില്‍ നിന്നുള്ളത് ഉള്‍പ്പടെ 12 ബോട്ടുകള്‍ എത്തിയിരുന്നു. ഇതില്‍ എട്ടെണ്ണമാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ