ചെന്നൈ: കനത്ത നാശം വിതച്ചു കടന്നുപോയ ഓഖി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തിയേറിയ ന്യൂനമര്‍ദം രൂപപ്പെടുന്നു. തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതായും അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ഇതു കൂടുതൽ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ചുഴലിക്കാറ്റിന് കാരണം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ശ്രീലങ്കന്‍ തീരത്ത് കഴിഞ്ഞ മാസം 30 ന് രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് മലാക്ക കടലിടുക്കില്‍ ശക്തിയേറിയ ന്യൂന മര്‍ദ്ദമായി രൂപപ്പെട്ട് ഇന്ത്യയെ ലക്ഷ്യം വച്ച് നീങ്ങുന്നത്. നാളെ ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ചെന്നൈ തീരത്ത് പതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓഖി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദ്ദം ഉണ്ടായ അതേ മേഖലയില്‍ തന്നെയാണ് പുതിയ ന്യൂനമര്‍ദ്ദം രൂപാന്തരപ്പെട്ടിരിക്കുന്നത്. സമുദ്ര ഉപരിതലത്തിലെ താപ വ്യതിയാനം ആണ് ഇപ്പോള്‍ ഉളള സ്ഥിതിവിശേഷത്തിന് കാരണം. ഇനിയുളള രണ്ട് ദിവസങ്ങളില്‍ തമിഴ്‌നാട്, കേരള, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടു ദിവസത്തിനിടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും പതിനേഴിടങ്ങളിൽ പരക്കെ മഴ ലഭിച്ചിരുന്നു. തിരുവണ്ണാമല ജില്ലയിലെ സാത്തനൂരിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്; 23 സെന്റീമീറ്റർ. കൂനൂരിൽ 12.7 സെന്റീമീറ്ററും, കടലൂരിൽ 12.3 സെന്റീമീറ്ററും മഴ ലഭിച്ചു. തമിഴ്നാട്, പുതുച്ചേരി, റായലസീമ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ