ചെന്നൈ: ഓഖി ചുഴിലിക്കാറ്റിനെ തുടർന്നു തമിഴ്നാട്ടിൽ മൽസ്യത്തൊഴിലാളികളുടെ പ്രതിഷേധം. കാണാതായ മൽസ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. കേരള-തമിഴ്നാട് അതിർത്തിയിലെ കുഴിത്തുറയിൽ നൂറുകണക്കിനു മൽസ്യത്തൊഴിലാളികൾ റെയിൽ, റോഡ് ഗതാഗതം തടസപ്പെടുത്തി. പ്രതിഷേധത്തെ തുടർന്നു നിരവധി ട്രെയിനുകൾ റദ്ദാക്കി.

ചുഴലിക്കാറ്റിനെ തുടർന്നു കുഴിത്തുറയിൽ തൊള്ളായിരത്തിൽ അധികം മൽസ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. നൂറിലധികം മത്സ്യബന്ധന ബോട്ടുകളും കാണാതായിട്ടുണ്ട്. ഇതിനിടെ ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. നവംബര്‍ 28നാണ് വി.ജൂഡ്, മകന്‍ ജെ.ഭരത്, സി.രവീന്ദ്രന്‍, ജെ.ജോസഫ്, കെനിസ്റ്റണ്‍, എസ്.ജഗന്‍ എന്നിവര്‍ കടലില്‍ പോയത്. കടുത്ത കാറ്റില്‍ ബോട്ട് തകര്‍ന്നു. ജഗനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മറ്റുള്ളവര്‍ ഒഴുകിപ്പോയെന്ന വിവരമാണ് ജഗന്‍ നല്‍കിയത്.

ഇതിനിടെ മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തിയതായി ഡിസംബര്‍ രണ്ടിന് തൂത്തുക്കുടിയിലുള്ള ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ കേരളത്തിലേക്കെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങള്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. 25 അംഗ സംഘമാണ് എത്തിയത്. ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ