ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ദേശീയ ചിഹ്നം ഇന്നലെയാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവും ഉയര്ന്നിയിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമായ അശോകസ്തംഭം വികലമാക്കിയെന്നാണു പ്രതിപക്ഷത്തിന്റെയും ആക്റ്റിവിസ്റ്റുകളുടെയും ആരോപണം.
6.5 മീറ്റര്‍ ഉയരത്തില്‍ വെങ്കലത്തില്‍ നിര്‍മിച്ച ദേശീയ ചിഹ്നത്തിനു 9,500 കിലോയാണു ഭാരം. എന്നാല്‍ അശോസ്തംഭത്തിലെ മനോഹരവും ആത്മവിശ്വാസമുള്ളതുമായ സിംഹങ്ങള്‍ക്കു പകരം ക്രൗര്യഭാവമുള്ളവയെ ചിത്രീകരിച്ച് ദേശീയ ചിഹ്നം സര്‍ക്കാര്‍ വികൃതമാക്കിയിരിക്കുകയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ചിഹ്നത്തില്‍ അടിയന്തര മാറ്റം വേണമെന്നു പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടു.
”നരേന്ദ്ര മോദി ജി, ദയവായി സിംഹങ്ങളുടെ മുഖം നിരീക്ഷിക്കുക. അത് മഹത്തായ സാരനാഥിലെ സ്തൂപത്തെയോ അതോ ഗിര്‍ സിംഹങ്ങളുടെ വികലമായ പതിപ്പിനെയോ ആണോ പ്രതിനിധീകരിക്കുന്നതു പരിശോധിക്കുക. ആവശ്യമെങ്കില്‍ അത് തിരുത്തുക,” ലോക്സഭിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ട്വിറ്ററില്‍ കുറിച്ചു.

”നമ്മുടെ ദേശീയ ചിഹ്നമായ അശോകസ്തംഭത്തിലെ സിംഹങ്ങള്‍ക്ക് അപമാനം. ഒറിജിനല്‍ ഇടതുവശത്തുള്ളതാണ്. ആകര്ഷമായതും ആത്മവിശ്വാസമുള്ളതും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച മോദിയുടെ പതിപ്പാണ് വലതുവശത്തേത്, മുരളുന്നതും അനാവശ്യമായ ആക്രമണാത്മകതയുള്ളതും അനനുരൂപമായതും. ലജ്ജാവഹം, ഉടന്‍ മാറ്റൂ,” തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ജവഹര്‍ സിര്‍കാര്‍ ദേശീയ ചിഹ്നത്തിന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് ട്വീറ്റ് ചെയ്തു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച ദേശീയ ചിഹ്നത്തിനെതിരെ പ്രമുഖ ചരിത്രകാരന് എസ് ഇര്‍മാന്‍ ഹബീബും രംഗത്തെത്തി.
”നമ്മുടെ ദേശീയ ചിഹ്നത്തില്‍ ഇടപെടുന്നത് തീര്‍ത്തും അനാവശ്യവും ഒഴിവാക്കാവുന്നതുമായിരുന്നു. നമ്മുടെ സിംഹങ്ങളെ എന്തിന് ക്രൗര്യവും ഉത്കണ്ഠ നിറഞ്ഞതുമായി കാണണം? 1950 ല്‍ സ്വതന്ത്ര ഇന്ത്യ സ്വീകരിച്ച അശോകന്റെ സിംഹങ്ങളാണ് അവ,” അദ്ദേഹം പറഞ്ഞു.
”ഗാന്ധി മുതല്‍ ഗോഡ്സെ വരെ; ഗാംഭീര്യത്തോടെയും സമാധാനത്തോടെയും ഇരിക്കുന്ന സിംഹങ്ങളുള്ള നമ്മുടെ ദേശീയ ചിഹ്നം മുതല്‍ സെന്‍ട്രല്‍ വിസ്റ്റയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ അനാച്ഛാദനം ചെയ്ത പുതിയ ദേശീയ ചിഹ്നം വരെ; ദംഷ്ട്രകളോടെയുള്ള കോപാകുലരായ സിംഹങ്ങള്‍. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ,” മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ്, മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഹര്‍ദീപ് സിങ് പുരി എന്നിവരുടെ സാന്നിധ്യത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്. മോദി ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.