വാഷിങ്ടൺ ഡിസി: കളിപ്പാട്ടങ്ങൾ നിറഞ്ഞ ബാഗും തോളിലേന്തി ക്രിസ്മസ് ആശംസകളുമായി എത്തിയ സാന്താക്ലോസിനെ കണ്ട് വാഷിങ്ടൺ ഡിസിയിലെ ചിൽഡ്രൻസ് നാഷണൽ ആശുപത്രിയിലെ ജീവനക്കാരും രോഗികളും അക്ഷരാർത്ഥത്തിൽ ഞെട്ടി. തങ്ങളുടെ പ്രിയപ്പെട്ട മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു സാന്താക്ലോസായി വന്നതെന്ന് വിശ്വസിക്കാനായില്ല.

ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും അവരുമായി സെൽഫി പകർത്തിയും ഒബാമ ഏറെനേരം അവർക്കൊപ്പം ചെലവഴിച്ചു. ഒബാമയും അദ്ദേഹത്തിന്റെ ജീവനക്കാരും ചേർന്ന് കളക്ട് ചെയ്ത സമ്മാനങ്ങളാണ് ആശുപത്രിയിലെത്തി കുട്ടികൾക്ക് നൽകിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ കുടുംബാംഗങ്ങളെയും ഒബാമ സന്ദർശിച്ചു. തങ്ങളുടെ മുൻ പ്രസിഡന്റിനെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം കുട്ടികളുടെ മുഖത്തും പ്രകടമായിരുന്നു. ഉമ്മകൾ നൽകിയും ആലിംഗനം ചെയ്തുമാണ് അവർ ഒബാമയോടുളള സ്നേഹം പ്രകടിപ്പിച്ചത്.

ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ യുഎസിന്റെ പ്രഥമ വനിതയായതു മുതൽ എല്ലാ വർഷവും ഈ ആശുപത്രി സന്ദർശിക്കുമായിരുന്നു. 2014 ൽ പ്രസിഡന്റായിരിക്കുന്ന സമയത്ത് ഒബാമയും ആശുപത്രി സന്ദർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook