ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നേതൃത്വ ഉച്ചകോടിയില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന അഭ്യര്‍ത്ഥന നടത്തിയിരുന്നതായി ഒബാമ വെളിപ്പെടുത്തി. മറ്റുള്ള രാജ്യങ്ങളില്‍നിന്ന് വിഭിന്നമായി ഇന്ത്യയിലെ മുസ്ലീംങ്ങള്‍ അവരെ സ്വയം പരിഗണിക്കുന്നത് ഇന്ത്യക്കാരായി തന്നെയാണെന്നും മോദിയോട് പറഞ്ഞിരുന്നതായി ഒബാമ പറഞ്ഞു.

മോദിയുമായുളള സൗഹൃദത്തെ കുറിച്ചുളള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ചോദ്യത്തിനും ഒബാമ മറുപടി പറഞ്ഞു. ഇന്ത്യയെക്കുറിച്ച് ശരിയായ വീക്ഷണമുള്ള നേതാവാണ് മോദിയെന്ന് പറഞ്ഞ ഒബാമ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായാണ് തനിക്ക് അടുത്ത ബന്ധമെന്ന് വ്യക്തമാക്കി.

‘മോദിയെ തനിക്കിഷ്ടമാണ്, രാജ്യത്തെക്കുറിച്ച്‌ ശരിയായ വീക്ഷണമുള്ള നേതാവാണ് അദ്ദേഹം. എന്നാല്‍ മന്‍മോഹന്‍ സിങ്ങുമായി നല്ല സൗഹൃദമുണ്ട്. 2008ലെ സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ ഞങ്ങള്‍ കൈകോര്‍ത്തിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ നവീകരിക്കാന്‍ മന്‍മോഹന്‍ എടുത്ത ചുവടുകള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നവീകരണത്തിനായുളള നാഴികകല്ലുകളായിരുന്നു’, ഒബാമ പറഞ്ഞു.

നേരത്തേ ടൊര്‍ണോഡോയില്‍ നടന്ന ജി20 ഉച്ചകോടിയിലും ഒബാമ മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നതിന് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുമിച്ച് ചേര്‍ന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഒബാമ പറഞ്ഞു. ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാല്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളൊന്നുമില്ലെന്നും ഒബാമ ചൂണ്ടിക്കാട്ടി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook