ചെന്നൈ: കാവൽ മുഖ്യമന്ത്രി പനീർസെൽവം ഇന്നു സെക്രട്ടേറിയറ്റിലെത്തും. ഭരണസ്തംഭനം എന്ന പ്രതിപക്ഷ ആരോപണത്തെത്തുടർന്നാണ് 10 ദിവസത്തിനുശേഷം അദ്ദേഹം സെക്രട്ടറിയേറ്റിലെത്തുന്നത്. അതേസമയം, പനീർസെൽവത്തെ വഴിയിൽ തടയുമെന്ന് ശശികല പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സെക്രട്ടറിയേറ്റിലും സമീപ പ്രദേശത്തും വൻ സുരക്ഷയാണ് ഒരുക്കിയിട്ടുളളത്.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നു തീരുമാനം എടുക്കുമോയെന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. ശശികല പക്ഷവും പനീർസെൽവം പക്ഷവും ഗവർണറെ ഇന്നു കണ്ടേക്കും. അതിനിടെ, ആറ് അണ്ണാ ഡിഎംകെ എംപിമാർ കൂടി പനീർസെൽവം പക്ഷത്തേക്ക് ചേർന്നു. അണ്ണാ ഡിഎംകെയുടെ 50 എംപിമാരിൽ 11 പേർ ഇപ്പോൾ പനീർസെൽവം പക്ഷത്താണുളളത്.

തന്റെ പക്ഷത്തുനിന്നും കൂടുതൽ പേർ പനീർസെൽവം പക്ഷത്തേക്ക് പോകുന്നതിൽ ശശികല നിരാശയിലാണ്. തുടർച്ചയായ രണ്ടാം ദിവസവും ശശികല മഹബലിപുരം കൂവത്തൂരിലെ റിസോർട്ടിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തി. ഇന്നും ശശികല എംഎൽഎമാരെ കാണാൻ എത്തിയേക്കുമെന്നു സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ