വിമത വിഭാഗമായ ഒ.പനീർശെൽവവുമായി ഒന്നിക്കാനുള്ള നീക്കങ്ങൾ എഐഎഡിഎംകെ ശശികല പക്ഷത്ത് നിന്ന് നടത്തവേ, തന്റെ നിലപാട് വെട്ടിത്തുറന്ന് പറഞ്ഞ് ഒ.പനീർശെൽവം രംഗത്ത്. ശശികലയും കുടുംബവും നേതൃത്വം നൽകുന്ന പാർട്ടിയിലേക്ക് താൻ വരില്ലെന്ന വ്യക്തമായ സൂചന നൽകിയാണ് അദ്ദേഹം നിലപാട് പറഞ്ഞത്.

ചൊവ്വാഴ്ച ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശശികല പക്ഷത്തിനെതിരായ തന്റെ ഉറച്ച നിലപാട് പനീർശെൽവം വ്യക്തമാക്കിയത്. “വി.കെ.ശശിലകലയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് പരാതിപ്പെട്ടിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു. ടിടിവി ദിനകരൻ തമിഴ്‌നാട്ടിൽ എഐഎഡിഎംകെ യുടെ മാനം നഷ്ടപ്പെടുത്തിയെന്ന് പനീർശെൽവം പത്രസമ്മേളനത്തിൽ രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി.

“4000 രൂപയാണ് ആർകെ നഗറിൽ ദിനകരൻ ഓരോ വോട്ടർക്കും നൽകിയത്. അതിന് പുറമേ തിരഞ്ഞെടുപ്പ് കമ്മിഷനും കൈക്കൂലി നൽകി.” പനീർശെൽവം പറഞ്ഞു. ഈ ആരോപണങ്ങൾക്ക് പുറമേ ജയലളിതയുടെ മരണത്തെ പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന ആവശ്യം അദ്ദേഹം വീണ്ടും പത്രസമ്മേളനത്തിൽ ഉന്നയിച്ചു.

ജയലളിതയുടെ മരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാത്തതിലെ അതൃപ്തി പത്രസമ്മേളനത്തിൽ പരസ്യമായി രേഖപ്പെടുത്തിയ പനീർശെൽവം, “അമ്മയുടെ രോഗവിവരങ്ങളും മരണകാരണവും ലോകം അറിയണമെന്നും ജനങ്ങൾ അറിയണമെന്നും ആവശ്യപ്പെട്ടു.”

എഐഎഡിഎംകെ ഒരു കുടുംബത്തിന്റെ കൈയ്യിലേക്ക് മാത്രമായി ഒതുങ്ങുന്നതിനെ വിമർശിച്ച പനീർശെൽവം, ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ദിനകരനെ ഡപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയാൽ മാത്രമേ താൻ പാർട്ടിയിലേക്ക് മടങ്ങിവരൂ എന്ന നിലപാട് അറിയിച്ചു.

തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തിൽ ടിടിവി ദിനകരനെ പ്രതിയാക്കി ഡൽഹി പൊലീസ് കേസെടുത്തത്. ഇതേ തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി പി.തങ്കമണിയുടെ വസതിയിൽ 20 മന്ത്രിമാർ യോഗം ചേർന്നിരുന്നു. ദിനകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും പാർട്ടിയുടെ മുഖച്ഛായ രക്ഷിക്കുന്നതിന് പനീർശെൽവത്തെ പാർട്ടിയിലേക്ക് തിരികെ വിളിക്കാനുമായി യോഗത്തിൽ തീരുമാനിച്ചു.

ശശികല വിഭാഗത്ത് നിന്നുള്ള 12 മന്ത്രിമാരുടെ പ്രത്യേക സംഘത്തെ ഒ.പനീർശെൽവവുമായി ചർച്ചയ്ക്ക് നിയോഗിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ