ചെന്നൈ: എഐഎഡിഎംകെ യിൽ തുടക്കം കുറിച്ച തുറന്ന പോര് മുറുകുന്നു. ശശികല മുഖ്യമന്ത്രിയായി വരുന്നതിനെ തുറന്നെതിർത്ത പനീർശെൽവത്തിന്റെ നടപടിക്ക് പിന്നാലെ അദ്ദേഹത്തെ പാർടിി അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കി ശശികല നടപടിയെടുത്തു. പാർടിയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പനീർശെൽവത്തെ പുറത്താക്കാൻ പാർടി ജനറൽ സെക്രട്ടറിയായ ശശികല തീരുമാനിച്ചത്.

രാത്രി ഏറെ വൈകി മാധ്യമങ്ങളെ കണ്ട ശശികല, പനീർശെൽവത്തിന്റെ പ്രതികരണത്തിന് പിന്നിൽ ഡിഎംകെ ആണെന്ന കുറ്റപ്പെടുത്തലാണ് നടത്തിയത്. പാർടി പ്രവർത്തകരെല്ലാം തന്റെ പിന്നിൽ ഒറ്റക്കെട്ടാണെന്നും പിളർപ്പില്ലെന്നും അവർ അവകാശവാദം ഉന്നയിച്ചു. ഇന്ന് നിയമസഭാ കക്ഷി യോഗം വിളിച്ചുചേർത്തിട്ടുള്ള ശശികല, ഗവർണർ തിരിച്ചെത്തിയാലുടൻ മന്ത്രിസഭ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുമെന്നും വ്യക്തമാക്കി.

എന്നാൽ പാർടിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്തയെ പരിഹാസരൂപേണ ചിരിച്ച് തള്ളിയാണ് പനീർശെൽവം പ്രതികരിച്ചത്. ജയലളിത ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കാണാൻ അനുവദിച്ചില്ല. ഗവർണർക്ക് മാത്രമാണ് സന്ദർശന അനുമതി ലഭിച്ചത്. ഡി.എം.കെയുമായി യയാതൊരു ബന്ധവും തനിക്കില്ല. വെറും പത്തുശതമാനം കഥകൾ മാത്രമാണ് താൻ വെളിപ്പെടുത്തിയത്. ജയലളിത മരിക്കുന്നതിന് മുൻപ് തന്നെ പാർടിയിൽ നേതൃ മാറ്റത്തിനുള്ള സാഹചര്യങ്ങൾ ഒരുങ്ങിയിരുന്നതായും ജയലളിതയുടെ ആഗ്രഹങ്ങൾ ശശികല അട്ടിമറിച്ചതായും പനീർശെൽവം കുറ്റപ്പെടുത്തി.

പനീർശെൽവത്തിന് പിന്തുണയുമായി കൂടുതൽ പ്രവർത്തകർ തെരുവിലിറങ്ങുന്നതാണ് തമിഴ്നാട്ടിലെ സംഭവങ്ങൾ. 40 എംഎൽഎ മാരുടെ പിന്തുണ പനീർശെൽവത്തിനുള്ളതായി പറയപ്പെടുന്നു. എന്നാൽ ഇന്ന് ശശികല വിളിച്ചുചേർത്തിരിക്കുന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാത്രമേ ഇതിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook