ചെന്നൈ:ശശികലയ്‌ക്ക് അധികാരത്തോട് ആർത്തിയാണെന്നും താൻ ഉന്നയിച്ച് കാര്യങ്ങൾ ഉത്തമബോധ്യത്തോടെയാണെന്നും ഒ. പനീർശെൽവം പറഞ്ഞു. ഇന്നലെ രാത്രി വൈകി പനീർശെൽവം ശശികലയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തന്നെ നിർബന്ധിച്ച് രാജിവെയ്‌പിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.  തമിഴ്‌നാട്  രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ വീണ്ടും ശശികലയ്ക്കെതിരെ ആഞ്ഞടിച്ച് ഒ.പനീർശെൽവം.  തമിഴ് ചാനലിന്  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ശശികലയെ വിമർശിച്ച് വീണ്ടും രംഗത്തെത്തിയത്.  ശശികല പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ “താൻ വേറെ പാർട്ടിയിൽ ചേരില്ലെ”ന്ന് പനീർശെൽവം വ്യക്തമാക്കി.

“ജയലളിതയുടെ മരണ ശേഷം ജനങ്ങളുടെ മാനസിക അവാസ്ഥ എന്താണെന്ന് ജനങ്ങളുമായി നേരിട്ട് ഇടപഴകിയവർക്ക് മാത്രമേ മനസ്സിലാകൂ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ സമയമെടുത്ത് അവർ വന്നിരുന്നെങ്കിൽ നല്ല തീരുമാനമെന്ന് എല്ലാവരും പറഞ്ഞേനെ. എന്റെ രാഷ്ട്രീയ ജീവിതത്തിന് കളങ്കമേൽക്കരുതെന്നത് കൊണ്ടാണ് മുഖ്യമന്ത്രിയാകാനുള്ള അവരുടെ തീരുമാനം അംഗീകരിച്ചത്.”

“സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമ്മയുടെ സ്മൃതി മണ്ഡപത്തിൽ പോയ ശേഷം തീരുമാനം പറയാമെന്ന് പറഞ്ഞു. അവർ അത് അംഗീകരിച്ചില്ല. പിന്നീട് നിർബന്ധിച്ച് രാജിവയ്പ്പിച്ച ശേഷം കൂടെ നിൽക്കാൻ നിർബന്ധിച്ചു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് താൻ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം ഉത്തമ ബോധ്യത്തോടെയുള്ളതാണ്. ജയലളിതയുടെ മരണ കാരണം എന്തെന്ന് വ്യക്തമാക്കേണ്ടത് ഡോക്ടർമാരാണ്, താനല്ലെന്നും” അദ്ദേഹം പറഞ്ഞു.

ശശികലയ്ക്കെതിരെ മുൻ സ്പീക്കറും അണ്ണാ ഡി എം കെ നേതാവുമായ പി എച്ച്. പാണ്ഡ്യന് പിന്നാലെ  പനീർശെൽവവും രംഗത്തെത്തിയതോടെ  തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook