ചെന്നൈ: തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവുമായി കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം കൂടിക്കാഴ്ച നടത്തി. രാ​ജി പി​ൻ‌​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം അദ്ദേഹം ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു. പിഎച്ച് പാണ്ഡ്യനും അഞ്ച് എംഎൽഎമാരും പനീർസെൽവത്തിനൊപ്പമുണ്ടായിരുന്നു. എംഎൽഎമാർക്ക് ഭയമുണ്ടെന്നും അവർ സുരക്ഷിതരല്ലെന്നും അദ്ദേഹം ഗവർണറെ അറിയിച്ചു.

രാജി നിർബന്ധിപ്പിച്ച് എഴുതി വാങ്ങിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ വീണ്ടും കാണുന്നതിനായി പനീർസെൽവം സമയം ചോദിക്കുകയും ചെയ്തു. ധർമ്മം ജയിക്കുമെന്നും നല്ലത് നടക്കുമെന്നും ഗവർണറുമായുള്ള കൂടിക്കാഴ്‌ചയ്ക്കുശേഷം പനീർസെൽവം മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി 7.30 ന് ശശികലയുമായും ഗവർണർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആദ്യം ശശികലയ്ക്കാണ് കൂടിക്കാഴ്‌ചയ്ക്ക് സമയം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നു കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവവും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഗവർണറുടെ നിലപാട് നിർണായകമാണ്. നിലവിൽ പനീർസെൽവത്തിനൊപ്പം അഞ്ച് എംഎൽഎമാർ മാത്രമാണുള്ളത്. 135 പാർട്ടി എംഎൽഎമാരിൽ 129 പേരാണ് ശശികലയ്ക്കൊപ്പമുള്ളത്. ഇവരിൽ 18 പേരെയെങ്കിലും തന്റെ കൂടെ കൂട്ടാൻ പനീർസെൽവത്തിനായാൽ ശശികലയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെടും.

അതിനിടെ, തന്റെ പക്ഷത്തുള്ള എംഎൽഎമാരെ ശശികല രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള നക്ഷത്ര ഹോട്ടലിലാണ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നതെന്നാണു സൂചന. ഗവർണർ ചെന്നൈയിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ ഇവരെ ഇന്നുതന്നെ രാജ്ഭവനിൽ എത്തിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook