ന്യൂയോര്‍ക്ക് : മാറ്റങ്ങള്‍ കൊണ്ട് പുതിയ രീതികള്‍ക്ക് തുടക്കം കുറിക്കുകയാണ് ന്യൂയോര്‍ക്ക് പൊലീസ് സേന. ഇതിന്റെ ഭാഗമായാണ് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ടുമെന്റ് (എന്‍ വൈ പി ഡി) യിലേക്ക് വനിതാ സിഖ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലെ ആദ്യ സിഖ് പൊലീസുകാരിയെ യു.എസ് നിയമിച്ചത്. ന്യൂയോര്‍ക്ക് സിറ്റി പോലീസ് അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ ഗുര്‍സോച്ച് കൗറിനെ ന്യൂയോര്‍ക്ക് പൊലീസ് സേനയില്‍ ഓക്സിലറി പോലീസ് ഓഫീസറായാണ് നിയമിച്ചത്.
നിയമ പാലന രംഗത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും,സിക്കിസത്തെപ്പറ്റി കൂടുതല്‍ വ്യപ്തിയേറിയ തിരിച്ചറിവുകള്‍ ആളുകള്‍ക്ക് നല്‍കാനും എന്ന ലക്ഷ്യത്തോടെയാണ് കൗര്‍ പോലീസ് സേനയില്‍ ചേര്‍ന്നത്.
“ന്യൂ യോര്‍ക്ക് പൊലീസ് സേനയിലേക്കെത്തുന്ന ടര്‍ബന്‍ ധരിച്ച ആദ്യ വനിതാ സിഖ് പൊലീസ് ഉദ്യോഗസ്ഥയെ ഞങ്ങള്‍ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു. ഓക്സിലറി പോലീസ് ഉദ്യോഗസ്ഥയായി തിരഞ്ഞെടുക്കപെട്ട ഗുര്‍സോച്ച് കൗറും മറ്റുള്ളവരും ഞങ്ങളുടെ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഞങ്ങളത്തില്‍ അഭിമാനിക്കുന്നു. സുരക്ഷിതമായിരിക്കുക.”, സിഖ് ഓഫീസര്‍മാരുടെ അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.
കൗറിന് പൊലീസ് സേനയിലേക്ക് സ്വാഗതം അറിയിച്ച് കൊണ്ട് അസോസിയേഷന്‍ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.
“നിങ്ങളുടെ സേവനം മറ്റുള്ളവരെയും നിയമ നിർവ്വഹണ മേഖലയിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള പ്രചോദനം നല്‍കും.”, പോസ്റ്റില്‍ പറയുന്നു.നിയമ നിര്‍വഹണ വിഭാഗത്തിലെ ഓഫീസിര്‍മാരുടെ ഈ കൂട്ടായ്മ സിഖ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന രാജ്യത്തെ ആദ്യത്തെ സംഘടനയാണ്.
നഗര പരിപാലനത്തിന്‍റെയും ഹൗസിങ്ങിന്‍റെയും മന്ത്രിയായ ഹർദീപ് സിംഗ് പുരിയും കൗറിന്‍റെ നിയമനത്തില്‍ സന്തോഷം അറിയിച്ചു. സിഖിസത്തെപ്പറ്റി യു.എസ്സില്‍ കൂടുതല്‍ തിരിച്ചറിവ് നല്കാന്‍ കൗറിന് സാധിക്കും എന്നും പുരി അഭിപ്രായപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
“എന്‍.വൈ.പിഡിയില്‍ ടര്‍ബന്‍ ധരിച്ച ഒരു വനിതാ ഉദ്യോഗസ്ഥയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സിഖിസത്തെപ്പറ്റി യു.എസ്സില്‍ കൂടുതല്‍ അവബോധം നല്കാന്‍ ഇത് സഹായിക്കും എന്നാണ് എന്‍റെ പ്രതീക്ഷ. എനിക്കും കാനഡയിലെ മന്ത്രിയായ നവദീപ് സിങ്ങിനും നേരിടേണ്ടി വന്ന അവസ്ഥ ആര്‍കും ഇനിയുണ്ടാകാതെയിരിക്കട്ടെ. സിഖുകള്‍ ഒത്തൊരുമയുടെ ദൂതന്മാരാണ്”, പൂരി ട്വീറ്റ് ചെയ്തു.
Delighted to see a turbaned lady officer in NYPD. Hope this fosters better understanding of Sikhism & Sikhs & corrects perceptions in US so that incident which happened with me in 2010 & recently with @Canada minister @NavdeepSBains do not recur.
Sikhs are ambassadors of harmony https://t.co/cviJAI6hWD
— Hardeep Singh Puri (@HardeepSPuri) May 19, 2018
2010 ല്‍ യു.എന്നിന്‍റെ അംബാസഡറായിരുന്ന സമയത്ത് വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ഹ്യൂസ്റ്റൺ വിമാനത്താവളത്തില്‍ വെച്ച് പരിശോധനയ്ക്കിടയില്‍ പൂരിയോട് തലപ്പാവ് ഊരി മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് വിസ്സമ്മതിച്ച പൂരിയെ അര മണിക്കൂറോളം വിമാനത്താവളത്തില്‍ പിടിച്ച് വെയ്ക്കുകയായിരുന്നു. പിന്നീട് ഒരു ടി.എസ്.എ ഉദ്യോഗസ്ഥന്‍ ഇടപ്പെട്ടതിനെത്തുടര്‍ന്നാണ് വിട്ടയച്ചത്. ഇതിനെതിരെ ഇന്ത്യ യു.എസ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
ഈ മാസം കാനഡയുടെ മന്ത്രിയ്ക്കും ഇങ്ങനെ ഒരവസ്ഥ നേരിടേണ്ടി വന്നിരുന്നു. ശാസ്ത്ര,സാമ്പത്തിക,വികസന മന്ത്രിയായ നവദീപ് ബെയിനിയാണ് തലപ്പാവ് ഊരിമാറ്റുന്നതിനെ ചൊല്ലി അധിക്ഷേപം നേരിടേണ്ടി വന്നത്.
“അയാള്‍ എന്നോട് തലപ്പാവ് അഴിച്ച് മാറ്റാന്‍ പറഞ്ഞു. മെറ്റല്‍ ഡിറ്റെക്റ്റര്‍ ശരിക്ക് പ്രവര്‍ത്തിക്കുന്ന സ്ഥിതിക്ക് അതിന്റെ ആവിശ്യം എന്താണെന്ന് ഞാന്‍ ചോദിച്ചു” ഫ്രഞ്ച് പത്രമായ ലാ പ്രെസ്സുമായുള്ള അഭിമുഖത്തിനിടെ അദ്ദേഹം അറിയിച്ചു.