ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതെ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണാന്‍ പോയ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു എംപിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ് പുതിയ വാര്‍ത്താ തലക്കെട്ട്.

വിവാഹിതയാകാനാണ് നുസ്രത്ത് ജഹാന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ തുര്‍ക്കിയിലേക്ക് പോയത്. ഇന്ന് രാവിലെയാണ് നുസ്രത്ത് തന്റെ വിവാഹ വാര്‍ത്ത പ്രഖ്യാപിച്ചത്. ചിത്രവും പങ്കുവച്ചു. വ്യവസായിയായ നിഖില്‍ ജെയ്‌നാണ് നുസ്രത്തിന്റെ രാജകുമാരന്‍.

തുര്‍ക്കിയിലെ ബോഡ്രമില്‍ വച്ചാണ് നുസ്രത്തും നിഖിലും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ തുര്‍ക്കിയില്‍ എത്തിയിരുന്നു. നുസ്രത്തും മാതാപിതാക്കളും സഹോദരിയും ജൂണ്‍ 16നാണ് ബോഡ്രമില്‍ എത്തിയത്.

ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ് നുസ്രത്ത് ജഹാന്‍. വലിയ ഭൂരിപക്ഷത്തോടെയാണ് നുസ്രത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വിവാഹം മൂലം തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നുസ്രത്തിന് സാധിച്ചില്ല.

View this post on Instagram

#njaffair All set

A post shared by Mimi (@mimichakraborty) on

നുസ്രത്തിന്റെ സഹപ്രവര്‍ത്തകയും എംപിയുമായ മിമി ചക്രബര്‍ത്തിയും തുര്‍ക്കിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. മിമിയ്ക്കും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ജാധവ്പൂര്‍ മണ്ഡലത്തിലെ തൃണമൂല്‍ എംപിയാണ് മിമി.

ജൂലൈ നാലിന് കൊൽക്കത്തയിൽ നുസ്രത്തും നിഖിലും വിവാഹ സത്കാരം ഒരുക്കുന്നുണ്ട്. നിരവധി ബംഗാളി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും സത്കാരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook