ചെന്നൈ: നവജാത ശിശുക്കളെ വില്‍പ്പന നടത്തിയ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാസിപുരം സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായിരുന്ന 48കാരിയായ അമൂധയാണ് പിടിയിലായത്. ഇവരുടെ സംഭാഷണ ശകലം അടങ്ങിയ ശബ്ദരേഖ സോഷ്യല്‍മീഡിയയിലൂടെ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.
ലക്ഷക്കണക്കിന് രൂപ വാങ്ങി താന്‍ വര്‍ഷങ്ങളായി ഈ ബിസിനസ് നടത്തുന്നുണ്ടെന്നും അമൂധ സംഭാഷണത്തിനിടെ പറയുന്നുണ്ട്. കുട്ടി ആണാണോ പെണ്ണാണോ എന്ന് കണക്കാക്കി തുകയിലും വ്യത്യാസമുണ്ട്. കൂടാതെ കുട്ടിയുടെ നിറം കണക്കാക്കിയും തുകയില്‍ മാറ്റം വരാമെന്നും നഴ്സ് പറയുന്നുണ്ട്.
‘കുട്ടി ആണാണോ പെണ്ണാണോ എന്ന് അനുസരിച്ച് റേറ്റ് മാറാം. കൂടാതെ നിറഴും ഭാരവും കണക്കാക്കും. 2.70 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. വെളുത്തതും നല്ല ഭാരമുളള പെണ്‍കുട്ടിയും ആണെങ്കില്‍ വില 3 ലക്ഷം വരെ ആകാം. കറുത്ത ആണ്‍കുട്ടിക്ക് വില 3.30 ലക്ഷത്തിനും 3.70 ലക്ഷത്തിനും ഇടയിലാണ്. നിങ്ങള്‍ക്ക് നല്ല സൗന്ദര്യമുളള അമൂല്‍ ആണ്‍കുട്ടിയെ വേണമെങ്കില്‍ 4 ലക്ഷം രൂപ നല്‍കണം. അഡ്വാന്‍സ് തുകയായി 30,000 രൂപ തന്നാല്‍ കുട്ടിയെ നിങ്ങള്‍ക്ക് കൊണ്ടുപോവാം,’ നഴ്സ് പറയുന്നു.
ചെവ്വാഴ്ച്ചയാണ് നഴ്സിന്റെ ശബ്ദരേഖ പുറത്ത് വന്നത്. ബുധനാഴ്ച്ച ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഇത്തരത്തില്‍ കുട്ടികളെ വില്‍ക്കാറുണ്ടെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 2012ല്‍ ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും വിരമിച്ചിരുന്നു. ഇതിന് ശേഷം മൂന്ന് പെണ്‍കുട്ടികളെ താന്‍ വിറ്റതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്.