ബിജെപി മുൻ വക്താവ് നൂപുർ ശർമ, ഡൽഹി ബിജെപി മീഡിയ യൂണിറ്റ് മേധാവി നവീൻ കുമാർ ജിൻഡാൽ, മാധ്യമപ്രവർത്തക സബ നഖ്‌വി ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ രണ്ട് സമുദായങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾക്കും മതവികാരം വ്രണപ്പെടുത്തുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ബുധനാഴ്ച കേസെടുത്തത്.
ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, രാജസ്ഥാനിൽ നിന്നുള്ള മൗലാന മുഫ്തി നദീം, പീസ് പാർട്ടി മുഖ്യ വക്താവ് ഷദാബ് ചൗഹാൻ, അബ്ദുർ റഹ്മാൻ, ഗുൽസാർ അൻസാരി, അനിൽകുമാർ മീണ എന്നിവരാണ് എഫ്ഐആറിൽ പേരുള്ള മറ്റുള്ളവർ. സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമയ്ക്കും മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമെതിരെ സമാന വകുപ്പുകൾ ചുമത്തിയാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ & സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് ഇവരുടെ പോസ്റ്റുകൾ നിരീക്ഷിച്ചു വരികയാണെന്നും അതിൽ മതവുമായി ബന്ധപ്പെട്ട ആക്ഷേപകരമായ പരാമർശങ്ങൾ കണ്ടെത്തിയെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുകയും പൊതു സമാധാനം നിലനിർത്താൻ കഴിയാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ വിവിധ ഐപിസി വകുപ്പുകൾ പ്രകാരം ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” ഡിസിപി (ഐഎഫ്എസ്ഒ) കെപിഎസ് മൽഹോത്ര പറഞ്ഞു.
മൗലാന മുഫ്തി നദീം രാജസ്ഥാനിലെ ബുന്ദിയിൽ നിന്നുള്ളയാളാണെന്നും, പ്രവാചകനെതിരെ സംസാരിക്കുന്നവർക്കെതിരെ അക്രമം നടത്തുമെന്ന് ഇയാൾ ഭീഷണിമുഴക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അടുത്തിടെ, വെള്ളിയാഴ്ച നമസ്‌കാരത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെയ്‌ക്കെതിരെ അലിഗഡ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.