ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ ബി ജെ പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കു താല്‍ക്കാലിക ആശ്വാസം. എഫ് ഐ ആറുകളിലോ പരാതികളിലോ നൂപുര്‍ ശര്‍മയ്‌ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഭാവിയില്‍ രജിസ്റ്റര്‍ ചെയ്യാനോ പരിഗണിക്കാനോ സാധ്യതയുള്ള എഫ് ഐ ആറുകളിലെ നടപടികളില്‍നിന്നും നൂപുറിനു സംരക്ഷണമുണ്ട്. ഹര്‍ജി ഓഗസ്റ്റ് 10നു വീണ്ടും പരിഗണിക്കും.
മേയ് 26നു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണു നൂപുര്‍ ശര്‍മ വിവാദ പരാര്‍മശം നടത്തിയത്. ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ നൂപുറിനെ അറസ്റ്റ് ചെയ്യരുതെന്നാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജൂലൈ ഒന്നിലെ പരാമര്‍ശത്തിനുശേഷം തനിക്കെതിരെയുരെയുണ്ടായ ഭീഷണികള്‍ നൂപുര്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.
നൂപുര്‍ ശര്‍മ എല്ലാ കോടതികളിലും കയറിയിറങ്ങുന്നത് ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച ബെഞ്ച്, ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചു. ഓഗസ്റ്റ് 10 നകം മറുപടി നല്‍കണം.
പ്രവാചകനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ നൂപുര്‍ ശര്‍മയെ ഇതേ ബഞ്ച് ജൂലൈ ഒന്നിനു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നൂപുറിന്റെ ‘എല്ലില്ലാത്ത നാവ്’ ‘രാജ്യത്തു മുഴുവന്‍ വികാരങ്ങള്‍ക്കു തീപകര്‍ന്നു’ എന്നും ‘സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം നൂപുറിനു ഒറ്റയ്ക്കാണെന്നും’ കുറ്റപ്പെടുത്തിയിരുന്നു.