ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ഇന്നോ നാളെയോ ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വ്യോമാക്രമണം നടത്തിയ പ്രദേശത്ത് 300ഓളം ഫോണുകള്‍ ആക്രമണത്തിന് തൊട്ടുമുമ്പ് വരെ ആക്ടീവ് ആയിരുന്നെന്ന് ദേശീയ സാങ്കേതിക ഗവേഷണ വിഭാഗം (എന്‍ടിആര്‍ഒ) അറിയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അറിയാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനിലേക്ക് പോയി എണ്ണി തിട്ടപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘എത്ര ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ ചോദിക്കുന്നുണ്ട്. ഇന്നോ നാളെയോ അത് അറിയാം. പാക്കിസ്ഥാന്റെ നേതാക്കള്‍ക്ക് എത്ര പേര് കൊല്ലപ്പെട്ടുവെന്ന് അറിയാം. അക്രമിച്ചതിന് ശേഷം നമ്മുടെ വ്യോമസേന ഓരോന്ന് ഓരോന്നായി മൃതദേഹങ്ങള്‍ എണ്ണണമായിരുന്നോ?,’ രാജ്നാഥ് സിങ് ചോദിച്ചു.
എത്ര പേര് കൊല്ലപ്പെട്ടെന്ന കണക്ക് കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്നാണ് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്. വ്യോമാക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ ഗോഖലെ പറഞ്ഞിട്ടില്ല. മിന്നലാക്രമണത്തെ കുറിച്ചുള്ള വിശദീകരണം നൽകുക മാത്രമായിരുന്നു അദ്ദേഹം ചെയ്തതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
‘ബാലാകോട്ട് ആക്രമണത്തിൽ വിജയ് ഗോഖലേ പ്രസ്താവന നടത്തിയിരുന്നു. സർക്കാറിന്റെ നിലപാടും അതാണ്. തെരഞ്ഞെടുപ്പും വ്യോമ ആക്രണണവും തമ്മിൽ ബന്ധമില്ല. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ ആക്രമണമാണ് ബാലാകോട്ടിലുണ്ടായതെന്നും നിർമല സീതരാമൻ പറഞ്ഞു. ഇതാദ്യമായാണ് കൊല്ലപ്പെട്ടവരുടെ കണക്കിനെ കുറിച്ച് മന്ത്രി ഔദ്യോഗികമായി പ്രതികരിക്കുന്നത്.