വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിനെ തിരഞ്ഞെടുക്കുമെന്ന് പ്രവചിച്ചയാള്‍ പുതിയ പ്രവചനവുമായി രംഗത്ത്. മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നതിന്റെ തിയ്യതിയാണ് ഹൊറാഷിയോ വില്ലേഗസ് എന്ന സ്വയം പ്രഖ്യാപിത ദൈവദൂതന്‍ പ്രവചിച്ചിരിക്കുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാം ലോകമഹായുദ്ധത്തിന്റെ പ്രധാന കാരണക്കാരന്‍ ട്രംപ് ആയിരിക്കുമെന്ന് പ്രവചിക്കുന്ന ഇയാള്‍ മെയ് 13നാണ് യുദ്ധത്തിന് തുടക്കമാകുകയെന്നും പ്രവചിക്കുന്നുണ്ട്. ഫാത്തിമ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷിക നാളില്‍ മൂന്നാം ലോക യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് ഹെറാഷിയോയുടെ പ്രവചനം. ഫാത്തിമ ഗ്രാമത്തില്‍ മാതാവ് 1917 മേയ് 13ന് പ്രത്യക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. അതിന്റെ നൂറാം വാര്‍ഷിക നാളില്‍ തുടങ്ങുന്ന യുദ്ധം ആറുമാസം നീളും.

സിറിയയെ ലോകനേതാക്കള്‍ ആക്രമിക്കുമെന്നും ഇയാള്‍ പ്രവചിച്ചിരുന്നു. സിറിയയില്‍ നടന്ന രാസവര്‍ഷമാണ് ഇയാള്‍ പ്രവചിച്ചതെന്നാണ് വിവരം. 2017 മെയ് 13നും ഒക്ടോബര്‍ 13നും ഇടയില്‍ നടക്കുന്ന വിനാശകാരിയായ ഈ യുദ്ധത്തില്‍ ലോകത്തെ ഞെട്ടിക്കുന്ന രീതിയില്‍ മരണവും സംഭവിക്കുമെന്നും പ്രവചനമുണ്ട്. നോസ്ട്രഡാമസിന്റെ പ്രവചനങ്ങളെയും മുന്‍നിര്‍ത്തിയാണ് താന്‍ പ്രവചിക്കുന്നതെന്നും വില്ലേഗസ് അവകാശപ്പെടുന്നു.

ബോംബ് ആക്രമണത്തില്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് കൊല്ലപ്പെടുമെന്നും ഇത് യുദ്ധത്തിന് ആക്കം കൂട്ടുമെന്നും പ്രവചനമുണ്ട്. തെറ്റായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 13നും മെയ് 13നും ഇടയില്‍ സിറിയയും റഷ്യയും ഉത്തരകൊറിയയും ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിലേക്ക് നീങ്ങുമെന്നും വില്ലേഗസ് പറയുന്നു.

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രവചനത്തെ ആശങ്കകളോടെയാണെ ലോകം നോക്കിക്കാണുന്നത്. ഇരു രാഷ്‍ട്രങ്ങളും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന് ചൈനയും മുന്നറിയിപ്പ് നൽകിയിരുന്നു.

വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ ഇരുരാജ്യങ്ങളും തുടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ഇതും ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിലേക്ക് നയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ