/indian-express-malayalam/media/media_files/2026/02/03/iran-for-min-2026-02-03-09-04-11.jpg)
Iranian Foreign Minister Abbas Araghchi
ടെഹ്‌റാൻ: കടുത്ത നയതന്ത്ര പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഈ ആഴ്ച അവസാനം ഇസ്താംബൂളിൽ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ; മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യമന്ത്രി
പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ചർച്ചകൾക്ക് ഇറാൻ എപ്പോഴും സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നീക്കം.
ഇറാൻ ചർച്ചകൾക്കായി ഗൗരവകരമായി സമീപിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സൂചിപ്പിച്ചിരുന്നു. സൈനിക നടപടികൾ ഒഴിവാക്കി പുതിയൊരു കരാറിലേക്ക് എത്താൻ ഈ ചർച്ചകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി വെള്ളിയാഴ്ച ഇസ്താംബൂളിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അമേരിക്കൻ വാർത്താ സൈറ്റായ 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്തു. ഖത്തർ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ ചർച്ചയിൽ പങ്കെടുത്തേക്കും. ചർച്ചകൾ നടന്നാൽ കഴിഞ്ഞ ഏപ്രിലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാകും ഇത്.
നിബന്ധനകളുമായി ട്രംപ്
ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഇറാനിലെ ഇസ്ഫഹാൻ, നടാൻസ് ആണവ കേന്ദ്രങ്ങളിൽ ഇസ്രായേലും അമേരിക്കയും നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് അവിടെ അറ്റകുറ്റപ്പണികൾ നടക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
Also Read:ഇറാനിൽ പുതിയ നേതൃത്വം വരേണ്ട സമയമായി: ഖമേനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ട്രംപ്
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നാണയപ്പെരുപ്പവുമാണ് ഇറാനെ ചർച്ചകളിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തൽ. ഉപരോധങ്ങൾ മൂലമുള്ള സാമ്പത്തിക തകർച്ച ഇറാനിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. അതേസമയം, അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ തിരിച്ചടിക്കുമെന്നും ഇസ്രായേലിനെ ലക്ഷ്യം വെക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി.
Read More: ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിൽ നിർണായക നീക്കം; ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us