ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ പൊലീസിന് അനുമതി നല്‍കി.
കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാണു കേസ്. 2016 ഫെബ്രുവരി ഒന്‍പതിനാണു കേസിനാസ്പദമായ സംഭവം നടന്നത്. കേസ് സംബന്ധിച്ച ഫയല്‍ കഴിഞ്ഞവര്‍ഷം മേയ് അഞ്ചു മുതല്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.
കേസില്‍ കഴിഞ്ഞവര്‍ഷം ജനുവരി 14നാണു ഡല്‍ഹി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനു രണ്ടു മണിക്കൂര്‍ മുന്‍പ് മാത്രമാണു പ്രോസിക്യൂഷന്‍ അനുമതി തേടി പൊലീസ് ഡല്‍ഹി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്‍കുന്നതു കോടതി മരവിപ്പിച്ചിരുന്നു.
Read Also: അരൂജാസ് വിദ്യാർഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ച് ജെഎന്‍യുവില്‍ നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.
കനയ്യ കുമാറിനെക്കൂടാതെ ജെഎന്‍യു മുന്‍ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവരാണു കേസിലെ പ്രതികള്‍. ഡല്‍ഹി ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണു കേസ് പരിഗണിക്കുന്നത്.