പട്‌ന: ബിഹാറിലെ ഗോപാൽ ഗഞ്ചിൽ പഞ്ചസാര ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. പത്തോളം പേർക്ക് പരുക്കേറ്റു. ഗോപാൽ ഗഞ്ചിൽ സസ്‌മുസ പഞ്ചസാര ഫാക്ടറിയിൽ ഇന്നലെ രാത്രിയാണ് സ്ഫോടനം നടന്നത്.

സംഭവം നടന്ന ഉടൻ തന്നെ പരുക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട് പേർ ഇന്ന് രാവിലെയാണ് മരിച്ചത്. പരുക്കേറ്റവരുടെയെല്ലാം നില ഗുരുതരമാണ്.

സ്ഫോടനത്തിന്‍റെ സമയത്ത് നൂറിലേറെ പേർ ഫാക്ടറിയിൽ ജോലിയിലുണ്ടായിരുന്നു. സ്ഫോടനത്തിൽ കെട്ടിടം തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്.

ബോയിലർ അമിതമായി ചൂടായതാണു സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ