/indian-express-malayalam/media/media_files/uploads/2018/12/hijab759-1.jpg)
പ്രതീകാത്മക ചിത്രം
പനജി: ഹിജാബ് ഊരി മാറ്റാൻ തയ്യാറാവാത്തതിനാൽ 24 വയസ്സുകാരിയായ യുവതിയെ നെറ്റ് പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. പരീക്ഷയിൽ ക്രമക്കേട് തടയുന്നതിനായി ഹിജാബും മറ്റ് ആഭരണങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്ന നിലപാടിലാണ് അധികൃതർ.
ഡിസംബർ 18ന് പനജിയിൽ നെറ്റ് പരീക്ഷ എഴുതാൻ എത്തിയ സഫീന ഖാൻ സൗദാഗാറിനെയാണ് ഹിജാബ് ഊരി മാറ്റാൻ തയ്യാറാകാത്തത് മൂലം പരീക്ഷ എഴുതാൻ അധികൃതർ അനുവദിക്കാതിരുന്നത്. യൂണിവേഴ്സിറ്റിയിൽ ലക്ചർ തസ്തികയിലേക്ക് യോഗ്യത നേടുന്നതിനും, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിന് വേണ്ടിയും യുജിസി നടത്തുന്ന യോഗ്യത പരീക്ഷയാണ് നെറ്റ്. ഈ വർഷം മുതൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.
പരീക്ഷ കേന്ദ്രത്തിൽ ഒരു മണിയോടെ എത്തിയ ശേഷം ഐഡന്റിറ്റി കാർഡ് പരിശോധിക്കുന്ന ക്യൂവിൽ നിൽക്കവേ പരിശോധകൻ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം ഹിജാബ് ഊരി മാറ്റാൻ പറയുകയായിരുന്നു. ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും അറിയിച്ചുവെന്ന് സഫീന ഖാൻ പറഞ്ഞു. എന്നാൽ ഹിജാബ് മത വിശ്വാസങ്ങളുടെ ഭാഗമാണെന്നും ഊരി മാറ്റുന്നത് വിശ്വാസത്തിന് എതിരാണെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു. തിരിച്ചറിയൽ ആവശ്യങ്ങൾക്കായി ചെവി ഹിജാബിന് പുറത്ത് കാണിക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു, എന്നാൽ അതിനായി തന്നെ ബാത്ത് റൂമിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും സഫീന പറയുന്നു.
ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കാത്തത് മൂലം തന്റെ ഒരു വർഷം നഷ്ടപ്പെട്ടു എന്നും സഫീന ഖാൻ പറഞ്ഞു. പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ താൻ പരീക്ഷാ നിയമം വായിച്ചു നോക്കിയിരുന്നെന്നും അതിലൊന്നും ഹിജാബിന്റെ കാര്യം പരാമർശിക്കുന്നില്ലെന്നും സഫീന പറഞ്ഞു.
എന്നാൽ പനജിയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ് ബന്ധപ്പെട്ടപ്പോൾ ഹിജാബ് മാത്രമല്ല സുരക്ഷയെ ചൊല്ലി താലി മാല മുതലായ ആഭരണങ്ങൾ പരീക്ഷാ ഹാളിൽ അനുവദിക്കാറില്ല, സുതാര്യമായ പരീക്ഷാ നടത്തിപ്പിന് വേണ്ട മാർഗ്ഗ നിർദേശം യുജിസി പുറത്തിറക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.