ന്യൂഡൽഹി: #മീ ടൂ വെളിപ്പെടുത്തലിനെ തുടർന്ന് എൻഎസ്‌യുഐ ദേശീയ പ്രസിഡന്റ് ഫൈറോസ് ഖാന്റെ രാജി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിച്ചു. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജമ്മു കശ്മീർ സ്വദേശിയായ ഫൈറോസ് ഖാനെതിരെ ഛത്തീസ്ഗഢ് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകയാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. ആരോപണങ്ങളെ തുടർന്ന് ഫൈറോസ് ഖാൻ രാജി സമർപ്പിക്കുകയായിരുന്നു.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മറ്റിയെ കോൺഗ്രസ് ചുമതലപ്പെടുത്തിയിരുന്നു. ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഫൈറോസ് ​ഖാൻ പാർട്ടിയുടെ പ്രതിച്ഛായയെ ആരോപണങ്ങൾ തകർക്കുന്നതിനാലാണ് എൻഎസ്‌‌യുഐ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതെന്ന് വ്യക്തമാക്കി.

ജൂൺ മാസത്തിലാണ് യുവതി ആദ്യം പരാതി നൽകിയത്. രാഹുൽ ഗാന്ധിയെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും നേരിൽക്കണ്ട യുവതി ഫൈറോസ് ഖാനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെ സഹോദരിയെയും പാർട്ടിയിലെ ചില വനിതാ പ്രവർത്തകരെയും ഖാൻ പീഡിപ്പിച്ചുവെന്നും യുവതി ആരോപിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പാർലമെന്റ് സ്ടീറ്റ് പൊലീസ് സ്റ്റേഷനിൽ യുവതി പരാതിയും നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook