ന്യൂഡല്‍ഹി: അഴിമതി ആരോപണത്തില്‍ സിബിഐ ഡയറക്ടര്‍ ചുമതലയില്‍ നിന്ന് നീക്കിയ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അഴിമതി ആരോപണം അന്വേഷിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അലോക് വര്‍മ്മ നല്‍കിയ മറുപടിയും കോടതി പരിശോധിക്കും. സിവിസി അന്വേഷണ റിപ്പോര്‍ട്ടിന് അലോക് വർമ്മ ഇന്നലെ മറുപടി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കവെ കോടതി തീരുമാനം കേന്ദ്രത്തിന് നിര്‍ണായകമാണ്. രണ്ടു വര്‍ഷത്തെ കാലാവധിയുള്ളപ്പോള്‍ അര്‍ദ്ധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയതിനെതിരെ അലോക് വർമ്മയാണ് കോടതിയിലെത്തിയത്.

പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയും കൂട്ടത്തില്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ആദ്യത്തെ കേസായി ഇന്ന് ഇത് കേള്‍ക്കുന്നത്. പ്രതിയെ സഹായിക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നതടക്കം അലോക് വര്‍മ്മയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര വിജലന്‍സ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അലോക് വര്‍മ്മയ്ക്ക് ആശ്വാസകരവും അല്ലാത്തതുമായ കണ്ടെത്തലുകള്‍ ഈ റിപ്പോര്‍ട്ടിലുണ്ടെന്ന സൂചന കോടതിയും നല്‍കിയിട്ടുണ്ട്.

ഈ അന്വേഷണ റിപ്പോര്‍ട്ടിന് കോടതി നിർദേശ പ്രകാരം അലോക് വര്‍മ്മ ഇന്നലെ മറുപടി സര്‍പ്പിച്ചിരുന്നു. വര്‍മ്മയ്‌ക്കെതിരായ ചില ആരോപണങ്ങളില്‍ തുടരന്വേഷണത്തിന് സമയം വേണമെന്നാണ് സിവിസി നിലപാട്. ഈ ആവശ്യത്തില്‍ സുപ്രീം കോടതി ഇന്ന് തീരുമാനമെടുത്തേക്കും. സിബിഐയിലെ വിവാദങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ ഒരു ഹർജി കൂടി സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ വ്യവസായി സതീഷ് സന കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായ് ചൗധരിക്കും കോടികള്‍ കൈമാറിയതിന് തെളിവുണ്ടെന്ന് മനീഷ് കുമാര്‍ സിന്‍ഹ സമര്‍പ്പിച്ച ഹർജിയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook