ന്യൂഡല്‍ഹി: ദേശീയ പൗരത്വപ്പട്ടിക വിഷയത്തില്‍ പ്രതിപക്ഷം വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മുഗള്‍ സാരായ് ജങ്ക്ഷന്‍ റെയില്‍വേ സ്റ്റേഷനെ ദീന്‍ദയാല്‍ ഉപാധ്യായ് സ്റ്റേഷനായി പുനര്‍നാമകരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെയുള്ള ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയത്.

‘സുപ്രീം കോടതി ഉത്തരവു പ്രകാരമാണ് പൗരത്വപ്പട്ടിക നടപ്പില്‍ വരുത്തിയത്. ആസാമില്‍ നിന്നും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള മാര്‍ഗമാണ് എന്‍ആര്‍സി. വിഷയത്തില്‍ എസ്പി, കോണ്‍ഗ്രസ്, ബിഎസ്പി എന്നിവര്‍ നിലപാട് വ്യക്തമാക്കണം. അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ പുറത്താക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ പറയണം’, അമിത് ഷാ പറഞ്ഞു.

‘മമത ബാനര്‍ജിയും കോണ്‍ഗ്രസും പറയുന്നത് എന്‍ആര്‍സി നടപ്പിലാക്കരുത് എന്നാണ്. രാജ്യത്ത് ഇത് നടപ്പിലാക്കണോയെന്ന് രാഹുല്‍ ബാബ വ്യക്തമാക്കണം. എന്നാല്‍ അദ്ദേഹം ഉത്തരം പറയില്ല. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ പറയണം. ഉത്തര്‍പ്രദേശുകാരുടെ ഉത്തരം എനിക്ക് അറിയാം. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരേയും രാജ്യത്ത് തുടരാന്‍ വിടേണ്ട എന്നാണ് നിങ്ങളുടെ ഉത്തരം’, അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഒ.ബി.സി ബില്‍ ഭേദഗതിയെക്കുറിച്ചുള്ള പാര്‍ട്ടി നിലപാട് രാജ്യസഭയില്‍ വ്യക്തമാക്കാനും കോണ്‍ഗ്രസിനെ അമിത് ഷാ വെല്ലുവിളിച്ചു. പിന്നോക്ക വിഭാഗക്കാരോടുള്ള പാര്‍ട്ടിയുടെ ശരിയായ നയം അപ്പോഴറിയാമെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ