ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) ഛത്തീസ്ഗഡിൽ നടപ്പാക്കുന്നത് അപ്രായോഗികമെന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ പകുതിയിലധികം പേര്‍ക്കും ഭൂമിയോ ഭൂമിസംബന്ധമായ രേഖകളോ ഇല്ല. ഇതുകാരണം അവര്‍ക്കു പൗരത്വം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഛത്തീസ്ഗഡിലെ 2.80 കോടി ജനങ്ങളില്‍ പകുതിയിലധികം പേര്‍ക്കും പൗരത്വം തെളിയിക്കാന്‍ കഴിയില്ല. അവര്‍ക്കു ഭൂമി രേഖകളോ ഭൂമിയോ ഇല്ല. അവരുടെ പൂര്‍വികര്‍ നിരക്ഷരരായിരുന്നു. അവരില്‍ ഭൂരിഭാഗവും മറ്റു ഗ്രാമങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ കുടിയേറി. അവര്‍ എവിടടെനിന്ന് 50-100 വര്‍ഷം പഴക്കമുള്ള രേഖകള്‍ കൊണ്ടുവരും?” ബാഗലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനും എന്‍ആര്‍സിക്കുമെതിരെ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടയിലാണു ബാഗേലിന്റെ പരാമര്‍ശമെന്നതു ശ്രദ്ധേയമാണ്. 1906 ല്‍ ആഫ്രിക്കയിലെ ബ്രിട്ടീഷുകാരുടെ തിരിച്ചറിയല്‍ പദ്ധതിയെ മഹാത്മാഗാന്ധി എതിര്‍ത്തതുപോലെ എന്‍ആര്‍സിയെ താന്‍ എതിര്‍ക്കുമെന്നും ബാഗേല്‍ പറഞ്ഞു.
എന്‍ആര്‍സി നടപ്പാക്കിയാല്‍ പൗരത്വം തെളിയിക്കാന്‍ ആളുകള്‍ നോട്ട് നിരോധന കാലത്തേതു പോലെ വരിനില്ക്കേണ്ടിവരുമോ എന്ന ചോദ്യത്തിനു ബാഗേലിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”തീര്‍ച്ചയായും, നമ്മള് ഇന്ത്യക്കാരാണെന്നു നമ്മള് തെളിയിക്കേണ്ടതുണ്ട്. അങ്ങനെ തെളിയിക്കാന്‍ കഴിയാത്തവരെ എങ്ങനെ ഉള്‍ക്കൊള്ളും?”
”ഇത് ആളുകള്‍ക്ക് അനാവശ്യമായ ഭാരം മാത്രമാണ്. രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റം പരിശോധിക്കാന്‍ നമുക്ക് നിരവധി ഏജന്‍സികളുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ഏജന്‍സികള്‍ക്കു നടപടിയെടുക്കാന്‍ കഴിയും. പക്ഷേ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എങ്ങനെയാണു കഴിയുന്നത്,”അദ്ദേഹം ചോദിച്ചു.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്ന പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചും എന്‍ഡിഎ സര്‍ക്കാരിനെ ബാഗേല്‍ വിമര്‍ശിച്ചിരുന്നു. മുസ്ലിംകളെ ഒഴിവാക്കുന്നതാണു നിയമമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും രാജ്യവ്യാപകമായി പ്രതിഷേധത്തിലാണ്.