ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. എന്‍ആര്‍സി (പൗരത്വ പട്ടിക) മുസ്ലീങ്ങളെ ലക്ഷ്യംവച്ചുള്ള നടപടിയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചിരിക്കുന്നത്.
മുസ്ലീങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ നടക്കുന്നത്. ലോകത്തിനു മുഴുവന്‍ ഇത് ഒരു മുന്നറിയിപ്പാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ നേരത്തെ ഇന്ത്യക്കെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഇമ്രാന്‍ ഖാന്‍ നടത്തിയത്. അതിനു പിന്നാലെയാണ് എന്‍ആര്‍സി പട്ടികയുമായി ബന്ധപ്പെട്ട പുതിയ വിമര്‍ശനം.
Read Also: അനധികൃത കുടിയേറ്റക്കാരെന്ന പ്രചരണം പൊളിഞ്ഞു, ബിജെപി പാഠം പഠിക്കണം: ഒവൈസി
ജമ്മു കശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ഇമ്രാൻ ഖാൻ നേരത്തെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നടപടിയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെയുള്ള അരമണിക്കൂര്‍ സമയമാണ് കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാക്കിസ്ഥാന്‍ മാറ്റിവയ്ച്ചത്.
അന്തര്‍ ദേശീയ വേദികളിലെല്ലാം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നത്. യുഎന്‍ സമ്മേളനത്തിലും വിഷയം അവതരിപ്പിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. കശ്മീരിലെ നടപടി ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയമാണെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.
പാക്കിസ്ഥാന്റേത് നിരുത്തരവാദിത്തപരമായ പ്രതികരണങ്ങളാണെന്നാണ് ഇന്ത്യ പറയുന്നത്. പാക് നേതാക്കളുടെ പ്രസ്താവനകള്‍ പ്രതിഷേധമുണ്ടെന്നും ഇന്ത്യ അറിയിച്ചു. പാക്കിസ്ഥാന്‍ നല്ല അയല്‍ക്കാരെ പോലെ പ്രതികരിക്കണമെന്നും ഇന്ത്യ പറഞ്ഞു. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു രവീഷ് കുമാര്‍. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കുകയാണ് പാക്കിസ്ഥാന്‍ സൃഷ്ടിക്കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.