ന്യൂഡൽഹി: ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചർച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസർക്കാർ. സർക്കാരിന്‍റെ ‘അനുനയ’ നീക്കത്തിന്‍റെ ഭാഗമായി, കേന്ദ്ര സെൻസസ് കമ്മിഷണറായ വിവേക് ജോഷി ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞമാസമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിനും അതിന്റെ ആദ്യ പടിയായ ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരെ കേരളമാണു രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത്. ഏകകണ്ഠമായാണു കേരളനിയമസഭ പ്രമേയം പാസാക്കിയത്. പിന്നാലെ പശ്ചിമബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ‌്‌ഗഡ്, പഞ്ചാബ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും സമാനമായ പ്രമേയം പാസാക്കി.

രാജ്യത്തുടനീളം എൻ‌പി‌ആർ നടപ്പാക്കുന്നതിന് ആർ‌ജി‌ഐക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും സംസ്ഥാന സർക്കാരുകളുടെ പിന്തുണയും സഹകരണവും ആവശ്യമാണ്. ഈ  സാഹചര്യത്തിലാണു കേന്ദ്രം സംസ്ഥാനങ്ങളെ അനുനയിപ്പിക്കാൻ ശ്രമമാരംഭിച്ചത്.

Read More: സത്യപ്രതിജ്ഞയ്ക്ക് വരണമെന്ന് കേജ്‌രിവാൾ; സ്ഥലത്തുണ്ടാകില്ലെന്ന് മോദി

എതിർപ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. പ്രതിപക്ഷത്തിനുപുറമെ ചില എൻ‌ഡി‌എ സഖ്യകക്ഷികളും അച്ഛനമ്മമാരുടെ ജന്മസ്ഥലമുൾപ്പടെയുള്ള എൻപിആറിലെ വിവാദചോദ്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

എൻപിആറിനോട് വിയോജിപ്പുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ പറഞ്ഞിരുന്നു. പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്നും ഏതെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കാൻ വൈമനസ്യമുണ്ടെങ്കിൽ ഉത്തരം നൽകണോ വേണ്ടയോ എന്ന് തീരുമാനക്കാനുള്ള അവകാശം പൗരനുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം ആർ‌ജി‌ഐയും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും സെൻസസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമബംഗാൾ മാത്രമാണ് ഇതിൽനിന്നു വിട്ടുനിന്നത്. ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ നടത്താനിരിക്കുന്ന സെൻസസിന്റെ ആദ്യ ഘട്ടത്തിൽ എൻ‌പി‌ആർ വിവരങ്ങൾ ശേഖരിക്കും.

രാജ്യവ്യാപകമായി സെൻസസ്, എൻ‌പി‌ആർ പ്രക്രിയകൾക്ക് മേൽനോട്ടം വഹിക്കുന്ന വിവേക് ജോഷി എൻ‌പി‌ആറിനെ വിമർശിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ കാണുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook