ഷില്ലോംഗ്: മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഗവര്‍ണര്‍ തളളി. ഇതോടെ സംസ്ഥാനത്ത് ബിജെപി- എന്‍പിപി സഖ്യം സര്‍ക്കാരുണ്ടാക്കും. എന്‍പിപിയ്ക്ക് 19ഉം ബിജെപിക്ക് രണ്ട് സീറ്റുകളും ആണ് ഉളളത്.
എന്‍പിപി കൊണ്‍റാഡ് സാങ്മയാണ് മുഖ്യമന്ത്രിയാവുക. ചൊവ്വാഴ്ച്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഏറ്റവും വലിയ ഒറ്റക്കക്കക്ഷി തങ്ങളാണെന്ന അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ടിരുന്നു. അഹമ്മദ് പട്ടേലും കമൽനാഥും അടക്കമുളള നേതാക്കളാണ് മേഘാലയയിൽ ഗവർണർ ഗംഗ പ്രസാദിനെ കണ്ടത്.
60 അംഗ നിയമസഭയിൽ 21 അംഗങ്ങളാണ് കോൺഗ്രസിനുളളത്. വലിയ ഒറ്റക്കക്ഷിയാണെങ്കിലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് 10 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അതേസമയം രണ്ട് സീറ്റിൽ വിജയിച്ച ബിജെപി ഇവിടെ പിഎ സാംഗ്മയുടെ നേതൃത്വത്തിലുളള നാഷണൽ പീപ്പിൾസ് പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.
അതേസമയം ചെറുകക്ഷികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരും ബിജെപി സഖ്യത്തിന് പിന്തുണ നല്‍കി. യുഡിപിക്ക് ആറും പിഡിഎഫിന് നാലും സീറ്റുകളാണ് ഉളളത്.മൂന്ന് സ്വതന്ത്രരും മറ്റ് കക്ഷികളിൽ നിന്നായി നാല് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.