കൊച്ചി: വാഹന യാത്രക്കാരെ ഏറ്റവും കൂടുതൽ വലയ്ക്കുന്നതാണ് രേഖകൾ കൈയ്യിൽ കൊണ്ടുനടക്കണം എന്ന സർക്കാർ നിർദ്ദേശം. മിക്കപ്പോഴും പൊലീസിന്റെ വഴിയോര പരിശോധനയിൽ പിടിക്കപ്പെടുന്നതിന്റെ കാരണവും രേഖകൾ കൈവശം ഇല്ലാത്തത് തന്നെയാവും.

എന്നാൽ ഇനി ആ ബുദ്ധിമുട്ട് വേണ്ട. വാഹന യാത്രക്കാർക്ക് ലൈസൻസും ആർസി ബുക്കും കൈയ്യിൽ കൊണ്ട് നടക്കേണ്ട എന്നതാണ് പുതിയ മാറ്റം. പകരം ഡിജിറ്റൽ കോപ്പി കൈയ്യിൽ സൂക്ഷിച്ചാൽ മതി. മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി ഈ രേഖകളുടെ ഡിജിറ്റൽ കോപ്പി കൈയ്യിൽ സൂക്ഷിച്ചാൽ മതിയെന്നാക്കി.

കേന്ദ്ര മോട്ടോർ വാഹന ചട്ടം 1989 ലെ സെക്ഷൻ 139 ആണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ തങ്ങളുടെ സ്മാർട്ട്ഫോണിലോ കേന്ദ്രസർക്കാരിന്റെ ഡിജിലോക്കറ (Digilockera) എന്ന ആപ്ലിക്കേഷനിലോ രേഖകൾ ആളുകൾക്ക് സൂക്ഷിക്കാനാവും.

ഡ്രൈവിങ് ലൈസൻസ്, ആർസി ബുക്ക്, ഇൻഷുറൻസ്, ഫിറ്റ്നസ് ആന്റ് പെർമിറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെയെല്ലാം ഡിജിറ്റൽ പകർപ്പ് സൂക്ഷിച്ചാലും മതി. പ്രധാനപ്പെട്ട ഔദ്യോഗിക രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഈ ഭേദഗതി വരുത്തിയത്.

ഭേദഗതി പ്രകാരം പൂര്‍ണ്ണമായി നിര്‍മ്മിക്കപ്പെട്ട പുതിയ ഗതാഗത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. രജിസ്‌ട്രേഷന്‍ തീയതി മുതല്‍ രണ്ട് വര്‍ഷ കാലത്തേയ്ക്ക് ഇതിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളതായി കണക്കാക്കും. ട്രാന്‍പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എട്ട് വര്‍ഷം വരെ പ്രായമുള്ള വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്കും അതിന് മുകളിലുള്ളവയ്ക്ക് ഒരു വര്‍ഷത്തേയ്ക്കുമായിരിക്കും നല്‍കുക.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങങ്ങളുടെ കരട് ഭേദഗതികള്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്‌സ് മന്ത്രാലയം നേരത്തെ തന്നെ വിജ്ഞാപനം ചെയ്തിരുന്നു. ഇത് പ്രകാരം ദേശീയ പെര്‍മ്മിറ്റുള്ള എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും ഫാസ്റ്റ്ടാഗും, വാഹനത്തെ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും നിര്‍ബ്ബന്ധിതമാക്കും. അപകടകരമായ വസ്തുക്കള്‍ കൊണ്ട് പോകുന്ന ടാങ്കറുകളുടെ ബോഡി വെള്ള നിറത്തില്‍ പെയിന്റടിച്ച്, ഏത് ഇനത്തില്‍പ്പെട്ടതാണെന്ന ലേബല്‍ ടാങ്കറിന്റെ ഇരുവശത്തും ഒട്ടിച്ചിരിക്കണം, വാഹനത്തിന്റെ മുന്നിലും, പിന്നിലും വെളിച്ചം പ്രതിഫലിപ്പിക്കുന്ന ടേപ്പുകളും ഒട്ടിച്ചിരിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook