ബംഗളൂരു : കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ നരേന്ദ്ര മോദി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വെല്ലുവിളി രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കെയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പുതിയ വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത്. ഒരു കടലാസും നോക്കാതെ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ചുരുങ്ങിയത് പതിനഞ്ച് മിനുട്ട് എങ്കിലും സംസാരിക്കാനാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ വെല്ലുവിളി.

ചമരാജാനഗറിലെ ശാന്തമാരഹള്ളിയില്‍ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെല്ലുവിളിക്കുന്നത്. എവിടെയും നോക്കാതെ ചുരുങ്ങിയത് പതിനഞ്ച് മിനുട്ടെങ്കിലും പാര്‍ലമെന്റില്‍ സംസാരിക്കാനായിരുന്നു മോദിയുടെ വെല്ലുവിളി. തന്റെ അമ്മയുടെ മാതൃഭാഷയിലടക്കം രാഹുലിന് സംസാരിക്കാം എന്നും മോദി പറഞ്ഞിരുന്നു.

‘കുറിപ്പൊന്നും നോക്കാതെ ഇംഗ്ലീഷിലോ ഹിന്ദിയിലോ രാഹുലിന്റെ മാതൃഭാഷയിലോ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ച് 15 മിനിറ്റ് സംസാരിക്കാനാവുമോ’, തന്നെ സംവാദത്തിന് വെല്ലുവിളിച്ച രാഹുലിനോട് മോദി ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ