ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്ക് വേണ്ടി അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് രജ്പുത് കര്‍ണി സേന. ചിത്രത്തിന്റ റിലീസ് തിയതി നീട്ടി വെച്ചത് ബന്‍സാലിയുടെ നാടകമാണെന്നും കര്‍ണി സേന തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി. പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചാല്‍ വീണ്ടും തെരുവില്‍ ഇറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘പത്മാവതി നിരോധിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം. ചിത്രത്തിന്റെ റിലീസ് തടയാന്‍ ഏതറ്റം വരെയും പോകും. എനിക്ക് അന്താരാഷ്ട്ര ഫോണ്‍ നമ്പറുകളില്‍ നിന്നും മൂന്ന് ഭീഷണി കോളുകള്‍ വന്നിട്ടുണ്ട്. ഒരു ഫോണ്‍ കോള്‍ കറാച്ചിയില്‍ നിന്നുമാണ്. ദാവൂദിന് ചിത്രത്തില്‍ നിക്ഷേപം ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. അല്ലെങ്കില്‍ കറാച്ചിയില്‍ ഇരിക്കുന്ന ഒരാള്‍ എന്തിന് എന്നെ ഭീഷണിപ്പെടുത്തണം?’, കല്‍വി പറഞ്ഞു.

ദീപികയുടെ തല വെട്ടുമെന്നും മൂക്കു ചെത്തുമെന്നുളള ഭീഷണികൾ കർണി സേന നേരത്തെ മുഴക്കിയിരുന്നു. പണത്തിനുവേണ്ടി നൃത്തം ചെയ്യുന്നവളാണ് ദീപികയെന്ന് പറഞ്ഞ് കൽവി നേരത്തേ രംഗത്തെത്തിയിരുന്നു. ‘ആരാണ് ദീപിക പദുക്കോൺ?. ഞങ്ങളെ വെല്ലുവിളിക്കാൻ അവൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ രാഷ്ട്രപതിയാണോ. പണത്തിനുവേണ്ടി നൃത്തം ചെയ്യുന്ന സ്ത്രീകളെപ്പോലെയുളള ദീപിക ഞങ്ങളെ വെല്ലുവിളിക്കുകയാണ്. സിനിമയോടുളള പ്രതിഷേധ സൂചകമായി ഡിസംബർ ഒന്നിന് ഭാരത ബന്ദിന് ആഹ്വാനം ചെയ്തതായും” അദ്ദേഹം പറഞ്ഞു.

പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജ്പുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം.

രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺവീർ സിങ്ങും ഷാഹിദ് കപൂറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീറിന്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്യുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് റിലീസ് തീയതി നീട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ