ഇന്‍ഡോര്‍: തക്കാളിപ്പെട്ടിക്ക് ഗോദ്റേജിന്റെ പൂട്ടോ എന്നൊരു പ്രയോഗം സധാരണ ഉപയോഗിക്കുന്നതാണ്. എന്നാൽ ഇനി അങ്ങനെ ആരെങ്കിലും പറഞ്ഞാൽ തിരിച്ചു പറയണം, പൂട്ടല്ല നല്ല അസൽ തോക്കേന്തിയ കാവൽക്കാരാണ് തക്കാളിപ്പെട്ടിക്ക് ഉള്ളതെന്ന്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഇത്തരതത്തിൽ തക്കാളിക്ക് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഉത്തേരന്ത്യയില്‍ തക്കാളി വില കുതിച്ചുയരുകയാണ്‌. വില കൂടിയതോടെ തക്കാളിയാണു മോഷ്‌ടാക്കളുടെ ലക്ഷ്യം. ഇതോടെയാണു സായുധരായ സുരക്ഷാജീവനക്കാരെ നിയോഗിച്ച്‌ തക്കാളിക്ക്‌ കാവലേര്‍പ്പെടുത്തിയിരിക്കുന്നത് ,മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള വ്യാപാരികള്‍.

ANI

കഴിഞ്ഞ 15 നു മുംബൈയില്‍ 2600 കിലോ തക്കാളി പെട്ടികളോടെ കടത്തിക്കൊണ്ടുപോയതാണു സുരക്ഷാ ജീവനക്കാരെ നിയോഗിക്കാന്‍ ഇന്‍ഡോറിലെ ദേവി അഹല്യ ഭായ്‌ ഹോല്‍ക്കര്‍ പച്ചക്കറിച്ചന്തയിലെ വ്യാപാരികളെ പ്രേരിപ്പിച്ചത്‌.
ശനിയാഴ്‌ച 11 ലോറികളാണ്‌ ചന്തയിലെത്തിയത്‌. ഇന്‍ഡോറില്‍ തക്കാളിപ്പെട്ടി ലോറിയില്‍നിന്ന്‌ ഇറക്കി ചില്ലറ വ്യാപാരികള്‍ക്ക്‌ നല്‍കുന്ന സ്‌ഥലത്ത്‌ തോക്കുമായി നില്‍ക്കുന്ന സുരക്ഷാ ജീവനക്കാരന്റെ ചിത്രം വൈറലായിക്കഴിഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വില കുതിച്ചുയരുകയാണ്‌ തക്കാളിക്ക്‌. തക്കാളി ഉല്‍പാദിപ്പിക്കുന്ന സംസ്‌ഥാനങ്ങളില്‍ വിളനാശമുണ്ടായതിനെ തുടര്‍ന്നുള്ള ദൗര്‍ലഭ്യമാണ്‌ വില കുതിച്ചുയരാന്‍ കാരണമായത്‌. തക്കാളി വില ഇപ്പോള്‍ 100 മുതല്‍ 120 രൂപ വരെയാണ്‌. ചിലയിടങ്ങളില്‍ വ്യാപാരികള്‍ കൃത്രിമക്ഷാമമുണ്ടാക്കി 150 രൂപയ്‌ക്കുവരെ വില്‍ക്കുന്നതായും വാര്‍ത്തകളുണ്ട്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook