കൊൽക്കത്ത: ആംബുലന്‍സിനും ആശുപത്രികള്‍ക്കും പിന്നാലെ പശുക്കള്‍ക്ക് വേണ്ടി മൊബൈല്‍ ആപ്പും. പശുവിന്റെ ഗുണഗണങ്ങള്‍ പ്രചരിപ്പിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ആര്‍എസ്എസ് പിന്തുണയുള്ള ഗോസേവ പരിവാര്‍ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഗോസേവ പരിവാര്‍ സംഘടിപ്പിക്കുന്ന ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും മത്സരാര്‍ഥികളുടെ സൗകര്യത്തിനുമായാണ് പുതിയ ആപ്പ് ഇറക്കിയതെന്ന് ഗോസേവ പരിവാര്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

2015ല്‍ ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരം നടത്തുന്നതിനായി എന്‍ട്രികള്‍ ക്ഷണിച്ചപ്പോള്‍ ടാട്‌സ് ആപ്പിലൂടെ അയക്കുന്നതിന് മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. പുതിയ ആപ്പ് എന്‍ട്രികള്‍ അയക്കുന്നതും തിരഞ്ഞെടുക്കുന്നതും എളുപ്പത്തിലാക്കിയെന്ന് ഗോസേവ പരിവാര്‍ നേതാവ് ലളിത് അഗര്‍വാള്‍ പറഞ്ഞു.

ഈ ആപ്പിലൂടെ ഗോമാതാവിനെക്കുറിച്ചുള്ള ഗുണങ്ങള്‍ പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്. പശുവിനെ പരിചരിക്കുന്നത് മനുഷ്യരാശിയെ മുഴുവന്‍ പരിചരിക്കുന്നതിന് തുല്യമാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു. ‘ഞങ്ങള്‍ നേരിട്ട് മത്സരത്തില്‍ പങ്കെടുത്തിട്ടില്ലെങ്കിലും പ്രത്യയശാസ്ത്രപരമായി അതിനെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായി ആര്‍എസ്എസ് നേതാവ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ