പനാജി: മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെ ഗോവയില്‍ ലൈംഗിക തൊഴിലാളികളും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. അവധിക്കാലം ആഘോഷിക്കാൻ ഡൽഹിയിൽ നിന്നും ഗോവയില്‍ എത്തിയ അഞ്ച് യുവാക്കൾ സ്ത്രീകളെ ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യത്തിലും ആധാറിന്റെ പ്രധാന്യം വ്യക്തമായത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹോട്ടലിൽ മുറിയെടുത്ത അഞ്ച് യുവാക്കൾ അഞ്ച് യുവതികളെ വേണമെന്ന് ഒരു ബ്രോക്കറോട് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ എത്തിക്കാമെന്ന് പറഞ്ഞ് പോയ ബ്രോക്കർ മണിക്കൂറുകൾക്ക് ശേഷം യുവാക്കളെ ഫോൺ വിളിച്ച് തങ്ങളുടെ ആധാർ കാർഡിന്റെ ഫോട്ടോയെടുത്ത് വാട്സാപ്പിൽ അയയ്ക്കാൻ പറഞ്ഞു. ഇത് കൂടാതെ താമസിക്കുന്ന ഹോട്ടലിന്റെ കാർഡും മുറിയുടെ താക്കോലിന്റെ ഫോട്ടോയും അയയ്ക്കാനും നിര്‍ദേശിച്ചു.

സംസ്ഥാനത്തെ പെണ്‍വാണിഭ സംഘത്തിനെതിരെ പൊലീസ് നടപടി കര്‍ശനമായ സാഹചര്യത്തിലാണ് സംഘം ഇത്തരത്തിലുളള സ്ഥിരീകരണത്തിന് നിര്‍ബന്ധിതരായത്. ആധാര്‍ ലഭിച്ചതിന് ശേഷം മറ്റ് സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് സ്ഥിരീകരിച്ചാണ് സ്ത്രീകളെ എത്തിക്കുന്നത്. കൂടാതെ കൂടുതല്‍ പെണ്‍കുട്ടികളെ ആവശ്യപ്പെട്ടാല്‍ അത് ലഭ്യമാക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേസമയം കൂടുതല്‍ പെണ്‍കുട്ടികളെ പൊലീസ് പിടിച്ചാല്‍ വാണിഭം തകര്‍ന്ന് പോകുന്നതിനാല്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികളെ മാത്രമാണ് എത്തിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ