ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ ഒന്നും മറച്ചു വയ്ക്കാനില്ലെന്നും ദേശിയ സുരക്ഷയാണ് പ്രശ്നമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പെഗാസസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. മറപടി ലഭിച്ചതിനെ ശേഷം വിദഗ്ധ സമതി രൂപികരിക്കുന്നതില്‍ തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.
വിഷയം ഒരു പൊതുവായ ചർച്ചയ്ക്ക് വിധേയമാക്കാനാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയോട് പറഞ്ഞു. “ഈ സോഫ്‌റ്റ്‌വെയർ എല്ലാ രാജ്യങ്ങളും വാങ്ങുന്നതാണ്, സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടില്ലെങ്കിൽ അത് വെളിപ്പെടുത്തണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് ദേശിയ സുരക്ഷയെ ബാധിക്കും, കോടതിയില്‍ ഒന്നും മറച്ചു വയ്ക്കാനില്ല,” തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.
പെഗാസസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിദഗ്ധ സമിതിക്ക് സമർപ്പിക്കാമെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. “വിവരങ്ങള്‍ സമിതിക്ക് കൈമാറാം. അത് ഒരു നിഷ്പക്ഷ സമിതിയായിരിക്കും. ഇത്തരം വിഷയങ്ങള്‍ കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തി പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ. സമതി പരിശോധിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും,” തുഷാര്‍ മേത്ത പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് സ്വന്തന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഇന്നലെ പെഗാസസുമായ ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം കേന്ദ്രം നിഷേധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനായി വിദഗ്ധ സമിതിയെ രൂപികരിക്കുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
Also Read: Project Pegasus: എന്താണ് പെഗാസസ് ചാര സോഫ്റ്റ്‌വെയർ? അറിയാം