ഭോപ്പാൽ: ഉറുന്പ് ശേഖരിക്കുന്നതുപോലെ വീട്ടമ്മമാർ വർഷങ്ങളോളം കാത്തുസൂക്ഷിച്ച പണം മുഴുവൻ നോട്ട് നിരോധനം വന്നതോടെ ഒറ്റ രാത്രികൊണ്ടാണ് ഇല്ലാതായത്. പലരുടേയും കയ്യിൽ വർഷങ്ങളുടെ നീക്കിയിരിപ്പായി ഉണ്ടായിരുന്ന പതിനായിരം രൂപ വരെയാണ് ഇതോടെ പുറംലോകം കണ്ടത്. വീട്ടിലെ അത്യാവശ്യങ്ങൾക്കും കുട്ടികൾക്കുമായി വീട്ടമ്മമാർ കരുതിയിരുന്ന പണമെല്ലാം മാറിയെടുക്കാനായി ഭർത്താക്കന്മാരെ സമീപച്ചപ്പോഴാണ് ഇത്രയും നിക്ഷേപം ഭാര്യമാരുടെ കൈയ്യിലുണ്ടെന്ന് അവരും തിരിച്ചറിഞ്ഞത്. എന്നാൽ ഈ ‘കളളപണം’ കണ്ടെത്തിയ ഭർത്താക്കന്മാർ പക്ഷേ നല്ലരീതിയിലല്ല പ്രതികരിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

നോട്ട് നിരോധനം നേരിട്ട് ബാധിച്ച ചെറുകിട വ്യവസായികളെയും സാധാരണക്കാരെയും കൂടാതെ ഗാർഹിക പീഡനവും ഇതുമൂലം കൂടിയെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശിലെ ഭോപ്പാലിലുളള രാജ്യത്തെ ആദ്യ വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ (OSCC) നടത്തിയ പഠനത്തിലൂടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വർഷം നവംബർ 8ന് രാത്രി പ്രധാനമന്ത്രി 1000, 500 നോട്ടുകൾ നിരോധിച്ചപ്പോൾ മുതലുണ്ടായ ആശങ്കകളും ബുദ്ധിമുട്ടുകളും പൂർണമായും മാറുന്നതിനു മുൻപാണ് സ്ത്രീകളെ ഇത് എത്രമാത്രം നേരിട്ട് ബാധിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നത്.

വീട്ടിൽ ഭർത്താക്കന്മാർ കാണാതെ ഭാര്യമാർ സ്വരുക്കൂട്ടി സൂക്ഷിച്ചുവച്ചിരുന്ന പണമെല്ലാം നോട്ട് നിരോധനം വന്നതോടെ പുറത്തറിയുകയും ഈ നോട്ടുകൾ മാറ്റിയെടുക്കാനായി ഭർത്താക്കന്മാരെ സമീപിച്ച ഭാര്യമാർക്കാണ് ഇത്തരത്തിൽ പീഡനം നേരിടേണ്ടി വന്നതെന്നും റിപ്പോർട്ട് പറയുന്നു. തങ്ങളുടെ അറിവില്ലാതെ കയ്യിൽ സൂക്ഷിച്ചിരുന്ന പണത്തെക്കുറിച്ച് ചോദിച്ച് ഭാര്യമാരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഭർത്താക്കാന്മാരുടെ എണ്ണം നിരവധിയാണെന്ന് മധ്യപ്രദേശ് സർക്കാരിന്റെ സഹകരണത്തോടെ വൺ സ്റ്റോപ്പ് ക്രൈസിസ് സെന്ററിന്റെ കീഴിൽ പഠനം നടത്തിയ എൻജിഒ പറയുന്നു.

വൺ സ്റ്റോപ്പ് ക്രൈസിസ് സെന്ററിന് ഇക്കാലയളവിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. കാലങ്ങളായി കൂട്ടിവച്ചിരുന്ന പണം വെളിച്ചത്ത് വന്നതോടെ ഭർത്താക്കന്മാരുടെ മുൻപിൽ ഭാര്യമാർ കുറ്റക്കാരാവുകയും ഇത് അവരെ ക്ഷുഭിതരാവുകയും ചെയ്‌തുവെന്ന് ആക്ഷൻ എയ്ഡ് എന്ന എൻജിഒയുടെ റീജണൽഡയറക്‌ടറായ സരിക സിൻഹ പറഞ്ഞു. ക്രൈസിസ് സെന്ററിലേക്ക് നോട്ട് നിരോധൻത്തിന് ശേഷം ഇത്തരത്തിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിപ്പെട്ട് ഇരട്ടിയിലധികം കോളുകളാണ് വരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook