ന്യൂഡൽഹി: രാജ്യത്ത് 500, 1000 രൂപ നോട്ടുകളുടെ കറൻസി നിരോധിച്ച ശേഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) മൂന്ന് പോയിന്റ് താഴ്ന്നതായി കണക്ക്. ദേശീയ സാമ്പത്തിക ഗവേഷണ ബ്യൂറോ (നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച്-എൻബിഇആർ) ആണ് കണക്കുകൾ പുറത്തുവിട്ടത്.
നോട്ട് നിരോധിച്ച 2016 ലെ നവംബർ-ഡിസംബർ മാസങ്ങളിലെ ആഭ്യന്തര ഉൽപ്പാദനം ആ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ രണ്ട് പാദങ്ങളെ അപേക്ഷിച്ച് മൂന്ന് പോയിന്റ് താഴ്ന്നുവെന്നാണ് വ്യക്തമാക്കുന്നത്. തുടർന്നുവന്ന നാലാം പാദത്തിൽ അൽപ്പം ഭേദപ്പെട്ടെങ്കിലും ജിഡിപി രണ്ട് പോയിന്റ് ഈ പാദത്തിലും താഴ്ന്നിരുന്നു.
കുറച്ച് കാലത്തേക്ക് ബുദ്ധിമുട്ടുണ്ടാവുമെങ്കിലും ഭാവിയിലേക്ക് ഏറെ ഗുണകരമാണ് നോട്ട് നിരോധനം എന്നാണ് ഈ റിപ്പോർട്ടും പറയുന്നത്. ഗീത ഗോപിനാഥ്, ഗബ്രിയേൽ ചോദ്രോ റിച്ച്, പ്രാചി മിശ്ര, അഭിനവ് നാരായണൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2016-17 ലെ മൂന്നാം പാദത്തിൽ 7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തിൽ ഇത് 6.1 ആയി. 2017-18 സാമ്പത്തിക വർഷത്തിലെ ഇതേ കാലത്ത് സമ്പദ് വ്യവസ്ഥ 7.1 ശതമാനത്തിന്റെയും 6.7 ശതമാനത്തിന്റെയും വളർച്ചയാണ് രേഖപ്പെടുത്തിയത്.
നികുതി വരുമാനത്തിലടക്കം ഭാവിയിൽ വർദ്ധനവുണ്ടാകുമെന്നാണ് ഈ പഠനം പറയുന്നത്. ഇതിന് പുറമെ കറൻസി രഹിത ഇടപാടുകൾ വർദ്ധിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണമുണ്ടാക്കുമെന്നും കരുതുന്നു.
നോട്ട് നിരോധനം കൂടുതൽ ബാധിച്ച ജില്ലകളിലെ പണ ഇടപാടുകൾ പിന്നീട് കുറഞ്ഞതായി കണക്കുകളിൽ വ്യക്തമാണ്. ഇവിടങ്ങളിലെ ആളുകൾ വേഗത്തിൽ സാങ്കേതിക വിദ്യയെ പകരം ആശ്രയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് പണമിടപാടുകൾക്ക് ഇപ്പോഴും കറൻസി കൂടിയേ തീരൂ എന്ന നിലയാണെന്നും ഇത് വികസിത രാജ്യങ്ങളിലേത് പോലെ കറൻസി രഹിത ഇടപാടുകളായി മാറേണ്ടതുണ്ടെന്നും പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ ചെന്ന് നേരിട്ട് സർവ്വേ നടത്തുന്നതിന് വ്യത്യസ്തവും നൂതനവുമായ മാർഗമാണ് ഗവേഷകർ അവലംബിച്ചതെന്നാണ് വ്യക്തമാക്കുന്നത്.
ഇതിന് പുറമെ സാറ്റലൈറ്റ് ഡാറ്റകളടക്കം ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പഠനം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഗീത ഗോപിനാഥ് മുൻപ് കേരള മുഖ്യമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. ഇവർ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. അടുത്ത മാസം ഇവർ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേൽക്കും.