ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ‘ഭാരതത്തെ ഒന്നിപ്പിക്കൂ’ എന്ന് പറയുമ്പോഴും ‘ഭാരതത്തെ ചിന്നഭിന്നമാക്കൂ’ എന്ന മുദ്രാവാക്യത്തില്‍ ഉറചിരിക്കുകയാണ് സംഘപരിവാര്‍ എന്നാരോപിച്ച കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടി ആഞ്ഞടിച്ചിരിക്കുകയാണ്. നോട്ടുനിരോധനത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തിനു മുന്നില്‍ വച്ച കണക്കുകകളിലെ പൊരുത്തക്കേടാണ് കോണ്‍ഗ്രസ് ആയുധമാക്കിയിരിക്കുന്നത്.
നോട്ടുനിരോധനത്തെ തുടര്‍ന്ന്  ഇതുവരെ എത്തിയിട്ടില്ലാത്തതായ മൂന്നുലക്ഷം കോടി രൂപ ബാങ്കിങ്ങിലേക്ക് വന്നു എന്നാന്നു ഒരു സ്വതന്ത്ര ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ചൊവാഴ്ച പറഞ്ഞത്. ഇതിനുപുറമേ ബാങ്കിലേക്ക് നിക്ഷേപിക്കപ്പെട്ട1.75 ലക്ഷം കോടി രൂപയും അധികമായി വരുന്നുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.

” നോട്ടുനിരോധനത്തിനു ശേഷം ബാങ്കിങ്ങിലേക്ക് എത്ര പണം തിരിച്ചുവന്നു എന്നത് പാര്‍ലമെന്‍റില്‍ ആരാഞ്ഞ ചോദ്യമാണ്. റിസേര്‍വ് ബാന്ല്‍ ഓഫ് ഇന്ത്യ ഇപ്പോഴും അതിന്‍റെ കണക്കുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ് എന്നാണു ആര്‍ബിഐ അറിയിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ആര്‍ബിഐ തന്നെ പുറത്തുവിട്ട മറ്റൊരു കുറിപ്പിലും ഈ കണക്കെടുപ്പ് അവസാനിച്ചിട്ടില്ല എന്നാണ് അറിയിച്ചത്.” മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാംനബി ആസാദ് പറഞ്ഞു.

“ആര്‍ ബി ഐക്ക് കണക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലായെങ്കില്‍ എവിടെന്നിന്നാണ് പ്രധാനമന്ത്രിക്ക് ഈ മൂന്നുലക്ഷം കോടിയുടെ കണക്ക് ലഭിച്ചത് ? 1.75 ലക്ഷം കോടി രൂപ ബാങ്കിലേക്ക് വരാനിരിക്കുന്നു എന്നൊക്കെ പ്രധാനമന്ത്രിക്ക് എങ്ങനെയാണ് പറയാന്‍ സാധിക്കുക? ” ഗുലാം നബി ആസാദ് ചോദിച്ചു.

” അങ്ങനെയൊരു വിവരം പ്രധാനമന്ത്രിയുടെ പക്കല്‍ ഉണ്ട് എങ്കില്‍ എന്തുകൊണ്ടാണ് ചോദ്യോത്തരവേളയില്‍ അദ്ദേഹം ഞങ്ങളുമായി ആ വിവരങ്ങള്‍ പങ്കുവെക്കാത്തത് ? ആര്‍ബിഐ യും പ്രധാനമന്ത്രിയും രാജ്യത്തിനു ഉത്തരം നല്‍കേണ്ട ഒരു ചോദ്യമുണ്ട്: ആരാണ് കള്ളം പറയുന്നത് ? ” രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ തുടര്‍ന്നു.

‘ഇന്ത്യയെ ഒന്നിപ്പിക്കൂ’ എന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യത്തോടുള്ള പ്രതികരണമായി “മിസ്റ്റര്‍ പ്രധാനമന്ത്രി…  ഇന്ത്യ ഒന്നിച്ചുതന്നെയാണ് ഇരിക്കുന്നത്. നിങ്ങളുടെ സംഘ പരിവാറിനോട്‌ ഇന്ത്യയെ തകര്‍ക്കരുത് എന്നു പറയൂ. ” എന്നും ഗുലാംനബി ആസാദ് പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ