ന്യൂഡല്‍ഹി : നോട്ടുനിരോധനത്തെ രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണം എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അത് ജനങ്ങളുടെമേൽ അടിച്ചേല്‍പ്പിച്ച “ദുരിതങ്ങൾക്കും” സമ്പത്ത് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പുപറയണം എന്നും ആവശ്യപ്പെട്ടു.

നവംബറില്‍ നോട്ടുനിരോധനത്തിന്‍റെ സമയത്ത് നരേന്ദ്രമോദി പ്രഖ്യാപിച്ച ഒന്നും തന്നെ ഫലത്തില്‍ കണ്ടില്ലെന്നാരോപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ ആനന്ദ് ശര്‍മ. അത് രാജ്യത്തെ ദരിദ്രരായ ജനങ്ങളെ തെറ്റായ വാഗ്ദാനങ്ങളുമായി ചതിക്കുകയായിരുന്നു എന്നും ആരോപിച്ചു.

നോട്ടുനിരോധനം എന്നത് പ്രധാനമന്ത്രി സ്വയം എടുത്ത തീരുമാനമായതിനാല്‍ തന്നെ അതിന്റെ പൂര്‍ണഉത്തരവാദിത്തം അദ്ദേഹത്തിനു തന്നെയാണ് എന്ന് പറഞ്ഞ ആനന്ദ് ശര്‍മ. മോദി തെറ്റുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനങ്ങളോട് മാപ്പപേക്ഷിക്കണം എന്നും ആവശ്യപ്പെട്ടു.

നോട്ടുനിരോധനം ഇന്ത്യയുടെ മൊത്തം അഭ്യന്തര ഉത്പാദന വളര്‍ച്ചയ്ക്ക് രണ്ടേകാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്നു പറഞ്ഞ ശര്‍മ. ഭീകരവാദത്തിനേയും കള്ളപ്പണത്തേയും അഴിമതിയെയും തുടച്ചുനീക്കാനുള്ള നടപടിയായി അതിനെ ചിത്രീകരിച്ചുകൊണ്ട് മോദി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് ആരോപിച്ചു.

ഇന്നലെ, നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും മടക്കി കിട്ടി എന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ കടന്നാക്രമണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook