ന്യൂഡൽഹി: കോവിഡ് മഹാമാരിയെ വഴിത്തിരിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്താനുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 95-ാം വാര്‍ഷിക പ്ലീനറി സെഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

“കോവിഡ് മഹാമാരിക്ക് പുറമേ മറ്റ് നിരവധി പ്രതിസന്ധികളും രാജ്യം നേരിടുന്നു. ഈ പ്രതിസന്ധികളെ അവസരങ്ങളാക്കാൻ രാജ്യം തീരുമാനിച്ചു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കൂട്ടായപ്രവർത്തനം വേണം. പ്രാദേശിക ഉത്‌പന്ന ബിസിനസുകൾ പ്രോത്സാഹിപ്പിക്കുകയാണ് ആവശ്യം. സ്വാമി വിവേകാനന്ദൻ നൽകുന്ന പാഠമതാണ്. നമ്മുടെ ഇച്ഛാശക്തി മുന്നോട്ടുള്ള പാത നിർണയിക്കുന്നു. ആത്മനിർഭർ ഭാരതമാണ് ലക്ഷ്യം. ലോകരാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ ആഭ്യന്തര ഉത്‌പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. കരുത്തുറ്റ തീരുമാനങ്ങളെടുക്കേണ്ട സമയമാണ്. കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരണം. ഈ മഹാദുരിത കാലഘട്ടത്തെ അവസരമാക്കാനാണ് ഓരോ ഭാരതീയനും ശ്രമിക്കേണ്ടത്” പ്രധാനമന്ത്രി പറഞ്ഞു.

Read Also: രാജ്യത്ത് പതിനായിരത്തോളം പുതിയ പോസിറ്റീവ് കേസുകൾ; ആശ്വാസമായി രോഗമുക്തരുടെ എണ്ണം

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തോളം പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,86,579 ആയി. അടുത്ത രണ്ട് ദിവസത്തിനകം ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ഇന്ത്യയിൽ ആശങ്ക പരത്തുന്നു. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാമത്. ബ്രസീൽ, റഷ്യ, യുകെ എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്.

കോവിഡ് മഹാമാരി ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആദ്യമായാണ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തർ ഉണ്ടാകുന്നത്. ഇത് രാജ്യത്തിനു ആശ്വാസവാർത്തയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,991 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,35,205 ആയി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,33,632 ആണ്. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 73,57,794 ആയി. 4,16,116 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായി. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,000 കടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook