ന്യൂഡൽഹി: നേപ്പാൾ ഭൂപടം മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. ഇത് ചരിത്രപരമായ തെളിവുകളോ വസ്തുതകളോ അടിസ്ഥാനമാക്കി ഉള്ളതല്ലെന്നും, അതിനാൽ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
“കൃത്രിമമായി സൃഷ്ടിച്ച ഈ അവകാശവാദങ്ങൾക്ക്, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ല. അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലവിലെ തീരുമാനത്തിന് എതിരാണ് നേപ്പാളിന്റെ നിലപാട്,” വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്-കാലാപാനി-ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ മാപിനും ദേശീയ ചിഹ്നത്തിനും അംഗീകാരം തേടിയുള്ള ഭരണഘടനാ ഭേദഗതിക്ക്, നേപ്പാളിന്റെ പാര്‍ലമെന്റ് അതവാ ജനപ്രതിനിധി സഭ ഐക്യകണ്ഠേന അംഗീകാരം നൽകുകയായിരുന്നു.
Read More: പ്രകോപനം തുടര്‍ന്ന് നേപ്പാള്‍; ഇന്ത്യയുടെ പ്രദേശം ഉള്‍പ്പെടുത്തിയുള്ള ഭൂപടത്തിന് അംഗീകാരം
ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത പ്രധാന പ്രതിപക്ഷ പാർട്ടികളാണ് നേപ്പാളി കോൺഗ്രസ് (എൻസി), രാഷ്ട്രിയ ജനതാ പാർട്ടി-നേപ്പാൾ (ആർജെപി-എൻ), രാഷ്ട്രിയ പ്രജാന്ത്ര പാർട്ടി (ആർപിപി) എന്നിവ.
275 അംഗ പ്രതിനിധി സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബില്‍ പാസാക്കുന്നതിന് വേണ്ടിയിരുന്നത്. ഈ ബില്‍ ഇനി ദേശീയ അസംബ്ലിയുടെ പരിഗണനയ്ക്ക് അയക്കും. അവിടേയും ഇതേ പ്രക്രിയ ആവര്‍ത്തിക്കും. ദേശീയ അസംബ്ലിയില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൂന്ന് രണ്ട് ഭൂരിപക്ഷമുണ്ട്. ബില്ലില്‍ ഭേദഗതി അവതരിപ്പിക്കുന്നതിന് ദേശീയ അസംബ്ലി അംഗങ്ങള്‍ക്ക് 72 മണിക്കൂറുകള്‍ നല്‍കും.
ദേശീയ അസംബ്ലി ബിൽ പാസാക്കിയ ശേഷം, അത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. അതിനുശേഷം ബിൽ ഭരണഘടനയിൽ ഉൾപ്പെടുത്തും.
മെയ് എട്ടിന് ഉത്തരഖണ്ഡിലെ ലിപുലേഖ് ചുരത്തേയും ധാര്‍ചുലയേയും ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്തശേഷം ഇന്ത്യയും നേപ്പാളും തമ്മിലെ ബന്ധം വഷളായിരിക്കുകയാണ്.
തങ്ങളുടെ ഭൂപ്രദേശത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നതെന്ന് ആരോപിച്ച് നേപ്പാള്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യയ്ക്കെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളി.
തന്ത്രപ്രധാനമായ മൂന്ന് മേഖലകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം നേപ്പാള്‍ പുതിയ രാഷ്ട്രീയ, ഭരണ ഭൂപടങ്ങള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ മേഖലകള്‍ തങ്ങളുടേതാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
Read in English: ‘Not tenable’: India on Nepal Parliament clearing bill to redraw political map