നാഗ്പൂര്‍: സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നത്.

സവര്‍ക്കര്‍ക്കല്ല മറിച്ച് നാഥൂറാം വിനായക് ഗോഡ്‌സെയ്ക്ക് ഭാരത് രത്‌ന നല്‍കൂ എന്നായിരുന്നു ബിജെപിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മനീഷിന്റെ പ്രതികരണം.

”ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഗോഡ്‌സെയ്ക്ക് പകരം സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് പറയുന്നത്. മഹാത്മാ ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്കെതിരെ കേസുണ്ടായിരുന്നെങ്കിലും പിന്നീട് വിട്ടയച്ചതല്ലേ. പക്ഷെ ഗോഡ്‌സെയ്ക്ക് ശിക്ഷ ലഭിച്ചിരുന്നു. ഗാന്ധിയുടെ 150 -ാം ജന്മ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകളെ തകര്‍ക്കണമെങ്കില്‍ ചെയ്യേണ്ടത് അതാണ്” തിവാരി ട്വീറ്റ് ചെയ്തു.

മഹാത്മാ ഗാന്ധിയുടെ ജനനത്തിന്റെ 150-ാം വാര്‍ഷികാഘോഷ സമയത്തു തന്നെ സര്‍ക്കാര്‍ അങ്ങനൊരു തീരുമാനത്തില്‍ എത്തിയെങ്കില്‍ പിന്നെ ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

”എങ്ങനെയാണ് മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തതെന്ന് പരീക്ഷയില്‍ ചോദിക്കുന്ന രാജ്യത്ത് എന്തും സംഭവിക്കും,” മനീഷ് തിവാരി പറഞ്ഞു. ഗാന്ധി വധക്കേസില്‍ വിചാരണ നേരിട്ടയാളാണ് സവര്‍ക്കറെന്നും തിവാരി ഓര്‍മിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook