/indian-express-malayalam/media/media_files/uploads/2017/05/outamit-shah1.jpg)
ന്യൂഡൽഹി: 125 കോടി ജനങ്ങളുളള രാജ്യത്ത് മുഴുവൻ പേർക്കും തൊഴിൽ നൽകുകയെന്നത് സാധ്യമായ കാര്യമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സ്വയം തൊഴിൽ പ്രോൽസാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തെ എട്ടു കോടി ജനങ്ങളെ സ്വയം തൊഴിൽ പ്രാപ്തരാക്കി സർക്കാർ മാറ്റിയെന്നും ഷാ പറഞ്ഞു. ബിജെപി സർക്കാർ അധികാരത്തിലേറിയതിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടേത് തൊഴിൽ രഹിത വളർച്ചയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനും ഷാ മറുപടി നൽകി. യുപിഎ സർക്കാരിന്റെ കാലത്ത് അവർ ഇതിൽ ശ്രദ്ധ വച്ചിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പിൽ തോൽവി നേരിടേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ തൊഴിൽരഹിതരുടെ കൃത്യമായ എണ്ണം കണക്കാക്കാനുളള സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
''ന്യൂ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത് മോദി സർക്കാരാണ്. കഴിഞ്ഞ സർക്കാരുകൾക്ക് നേടാനാവാത്തത് ഇതിലൂടെ നേടാനായി. 2014 ൽ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ദുർബലമായ ഒരു സർക്കാരിനെ ബിജെപി അധികാരത്തിൽനിന്നും നീക്കി. ദൃഢതയുളളതും സുതാര്യവുമായ ഒരു സർക്കാരിനെ ജനങ്ങൾക്ക് നൽകി. ജാതീയതയും രാജവാഴ്ചയും അടങ്ങിയ രാഷ്ട്രീയത്തിനു അറുതി വരുത്തിയത് ബിജെപി സർക്കാരാണ്. ജനങ്ങളുട ആത്മവിശ്വാസം കൂട്ടുകയും ആഗോളതലത്തിൽ അഭിമാനം കൊള്ളുന്ന തരത്തിൽ രാജ്യത്തെ മാറ്റുകയും ചെയ്തു. രാജ്യത്തെ ഒരു മൂലയിലേക്ക് ഒതുക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിച്ചത്. എന്നാൽ രാജ്യത്തെ വികസനത്തിന്റെ പാതയിലെത്തിക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമം''.
സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇരുട്ടിൽ കഴിഞ്ഞിരുന്ന ഒട്ടേറെ ഗ്രാമങ്ങൾക്ക് മൂന്നു വർഷത്തിനിടയിൽ സർക്കാർ വൈദ്യുതി എത്തിച്ചു. 4.5 കോടിയിലധികം കുടുംബങ്ങൾക്ക് ശൗചാലയം നിർമിച്ചു നൽകി. പൂജ്യം ബാലൻസിൽ ജൻ ധൻ അക്കൗണ്ടുകൾ തുറന്നു, 2 കോടി കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷനുകൾ നൽകി. ലോകത്തിൽതന്നെ സാമ്പത്തികരംഗത്ത് അതിവേഗം വളർച്ച കൈവരിച്ച രാജ്യമാണ് ഇന്ത്യയെന്നും ഷാ പറഞ്ഞു.
കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ഷാ വിശദീകരിച്ചു. കശ്മീരിലെ സാഹചര്യങ്ങൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി ഉടൻ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.